Quantcast

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മൗനം അധാർമികം: സോണിയ ഗാന്ധി

അഞ്ച് വയസുകാരിയായ ഹിന്ദ് റജബ് എന്ന പെൺകുട്ടിയെയും കുടുംബത്തെയും ഇസ്രായേൽ സൈന്യം ക്രൂരമായി വെടിവെച്ചുകൊന്ന കഥ പറയുന്ന സിനിമ പോലും ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങി ഇന്ത്യയിൽ മാസങ്ങളോളം തടഞ്ഞുവെച്ചതായും സോണിയ ഗാന്ധി കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2026-06-27 05:50:09

Published:

27 Jun 2026 8:54 AM IST

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മൗനം അധാർമികം: സോണിയ ഗാന്ധി
X

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരമായ വംശഹത്യക്കെതിരെ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന തുടർച്ചയായ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോകമെമ്പാടും ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ലോക രാജ്യങ്ങൾ ഇസ്രായേലിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യ ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങുകയാണെന്ന് അവർ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ ഈ മൗനത്തെ യുക്തിസഹമായോ ധാർമികമായോ വിശദീകരിക്കാൻ കഴിയില്ലെന്നും ആഗോള പൊതുജനാഭിപ്രായത്തിൽ നിന്ന് നാം സ്വയം അകന്നുപോയെന്നും അവർ ചൂണ്ടിക്കാട്ടി.

ഗസ്സയിൽ ഇസ്രായേൽ അധികൃതർ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് 2025 സെപ്റ്റംബറിലെ യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പ്രമുഖ ഇന്ത്യൻ നിയമജ്ഞനായ ജസ്റ്റിസ് (റിട്ട.) എസ്. മുരളീധരൻ അധ്യക്ഷനായ ഇതേ കമ്മീഷൻ 2026 ജൂണിൽ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഫലസ്തീനികളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഗസ്സയിൽ ഇതുവരെ കുറഞ്ഞത് 20,000 കുട്ടികൾ കൊല്ലപ്പെടുകയും 44,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ 27 ശതമാനവും കുട്ടികളാണ്. പല കുട്ടികളുടെയും തലയിലും കഴുത്തിലും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ഗസ്സയിലെ 97 ശതമാനം സ്കൂളുകളും കുട്ടികളുടെ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസംവിധാനങ്ങളും ഇസ്രായേൽ തകർത്തു. ഇത് ഗർഭഛിദ്രവും പ്രസവസംബന്ധമായ സങ്കീർണതകളും 300 ശതമാനം വർധിക്കാൻ കാരണമായതായും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

രണ്ടര വർഷം മുമ്പ് ഹമാസ് നടത്തിയ ആക്രമണം തികച്ചും അസ്വീകാര്യവും ക്രൂരവുമായിരുന്നു. എന്നാൽ അതിന് പകരമായി ഇസ്രായേൽ സൈന്യവും രാഷ്ട്രീയ നേതൃത്വവും നടത്തുന്ന പ്രതികാരം അതിക്രമവും വന്യതയുമാണ്. ഗസ്സയെ പൂർണമായി ഉപരോധിക്കാനും തുടച്ചുനീക്കാനും ഫലസ്തീനികളെ മൃഗങ്ങളായി ചിത്രീകരിക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആഹ്വാനം ചെയ്തു. വാഷിംഗ്ടണിലെ ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ പിന്തുണയോടെയാണ് ഇസ്രായേൽ ഈ ക്രൂരത തുടരുന്നത്. എന്നാൽ ലോകത്തിലെ മറ്റ് രാജ്യങ്ങൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ ശക്തികൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വലിച്ചിഴച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേലിലേക്കുള്ള ആയുധ വിൽപ്പന പരിമിതപ്പെടുത്തുകയും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ബന്ധം വിച്ഛേദിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ ഇസ്രായേലിനെതിരെ വൻ ജനരോഷം ഉയരുമ്പോഴും ഇന്ത്യ മാത്രം മൗനം പാലിക്കുകയാണ്. ജസ്റ്റിസ് മുരളീധരന്റെ റിപ്പോർട്ടിനോട് നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന നിശ്ശബ്ദത അത്ഭുതപ്പെടുത്തുന്നതല്ല. 2020ലെ ഡൽഹി കലാപത്തിന് മുന്നോടിയായി ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ഡൽഹി പൊലീസിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തതിനാണ് ജസ്റ്റിസ് മുരളീധരനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അന്ന് സ്ഥലം മാറ്റിയത്. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളോടും ദേശീയ പരമാധികാരത്തോടും അന്താരാഷ്ട്ര സമാധാനത്തോടും പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്ന ഇന്ത്യ, ഇന്ന് ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത്. അഞ്ച് വയസുകാരിയായ ഹിന്ദ് റജബ് എന്ന പെൺകുട്ടിയെയും കുടുംബത്തെയും ഇസ്രായേൽ സൈന്യം ക്രൂരമായി വെടിവെച്ചുകൊന്ന കഥ പറയുന്ന സിനിമ പോലും ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങി ഇന്ത്യയിൽ മാസങ്ങളോളം തടഞ്ഞുവെച്ചു. ഒടുവിൽ കടുത്ത ജനകീയ സമ്മർദ്ദത്തെത്തുടർന്നാണ് ഇത് പ്രദർശിപ്പിക്കാൻ അനുമതി നൽകിയതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്റെ ഈ നിലപാട് ധാർമികമായി തെറ്റാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ കൂടുതൽ അവരുടെ താല്പര്യങ്ങളിലേക്ക് ചുരുങ്ങുകയാണ്. ഇസ്രായേൽ ഇറാനുമായി യുദ്ധം തുടങ്ങുന്നതിനും അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിക്കുന്നതിനും തൊട്ടുമുമ്പ് പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് ചരിത്രത്തിലെ ഏറ്റവും മോശം നയതന്ത്ര തീരുമാനമായി രേഖപ്പെടുത്തപ്പെടും. ഫലസ്തീൻ, ഇറാൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ നമ്മുടെ പരമ്പരാഗത സഖ്യകക്ഷികളെ നാം അകറ്റി. ഇന്ത്യക്ക് ലഭിക്കേണ്ടിയിരുന്ന നയതന്ത്ര മധ്യസ്ഥ സ്ഥാനം ഭീകരവാദികളെ പോറ്റുന്ന പാകിസ്താന് കൈമാറുന്ന സാഹചര്യമാണ് ഉണ്ടായത്. സ്വന്തം നയതന്ത്ര താല്പര്യങ്ങളും ധാർമികതയും ബലിനൽകി ഇന്ത്യ നേടിയത് മോദിയും നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം മാത്രമാണ്. എന്നാൽ നെതന്യാഹു ഇന്ന് അമേരിക്കയിൽ ഉൾപ്പെടെ ലോകമെമ്പാടും വിമർശനം നേരിടുന്ന വ്യക്തിയാണ്. ഫലസ്തീനിലെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ടത് ഇന്ത്യൻ ദേശീയതയുടെ ആവശ്യമാണെന്നും മോദി സർക്കാരിന്റെ മൗനം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 'ദ് ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

TAGS :

Next Story