രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക നിരസിച്ചതിന് എതിരായ മീനാക്ഷി നടരാജന്റെ ഹരജി സുപ്രിംകോടതി തള്ളി
തെരഞ്ഞെടുപ്പ് കമ്മീഷനെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് സുപ്രിംകോടതി നിർദേശം

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക നിരസിച്ചതിനെതിരെ കോൺഗ്രസ് നേതാവായ മീനാക്ഷി നടരാജൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ നിർദേശിച്ചാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ് ചന്ദുർക്കർ എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിത്വം തള്ളിയതിന് എതിരെയായിരുന്നു ഹരജി.
നിലവിലെ സാഹചര്യത്തിൽ ഹരജി സ്വീകരിക്കാനാവില്ല എന്നാണ് കോടതിയുടെ നിലപാട്. ഫലപ്രഖ്യാപനം അടക്കം പൂർത്തിയായ സാഹചര്യത്തിൽ ഹരജിയിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. നേരത്തെ ഇത്തരത്തിൽ ഇടപെട്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് സുപ്രിംകോടതിയുടെ നിർദേശം.
കോൺഗ്രസിന് വിജയിക്കാൻ ആവശ്യമായ ഭൂരിപക്ഷമുള്ള സീറ്റിലാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ജൂൺ ഒമ്പതിന് നടത്തിയ സൂക്ഷമപരിശോധനയിലാണ് പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കേസ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് കാണിച്ച് ബിജെപി സ്ഥാനാർഥി മഹേഷ് കേവത് നൽകിയ പരാതിയിലാണ് വരണാധികാരി പത്രിക തള്ളിയത്.
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചിരുന്നു. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂന്നുപേർക്കും വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്.
Adjust Story Font
16

