ഉത്തരവിട്ടത് ആരെന്നറിയില്ല; സൂററ്റിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് നൂറോളം വീടുകൾ
സൂററ്റിലെ കതാർഗാം മേഖലയിലുള്ള നാസിർനഗറിലാണ് ഡസൻകണക്കിന് കുടുംബങ്ങളെ തെരുവിലാക്കിയ സംഭവം നടന്നത്

- Published:
7 Jun 2026 3:41 PM IST

ന്യൂഡൽഹി: ഗുജറാത്തിലെ സൂററ്റിൽ നഗരസഭാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ചേരിപ്രദേശത്തെ നൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഈ നടപടിയിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ചേരിയിലെ വീടുകൾ തകർക്കാൻ ബുൾഡോസറുകൾ അയക്കാൻ ഉത്തരവിട്ടത് ആരാണെന്നതിൽ ഇപ്പോൾ വ്യക്തതയില്ല.
സൂററ്റിലെ കതാർഗാം മേഖലയിലുള്ള നാസിർനഗറിലാണ് ഡസൻകണക്കിന് കുടുംബങ്ങളെ തെരുവിലാക്കിയ സംഭവം നടന്നത്. തങ്ങൾ ഇങ്ങനെയൊരു പൊളിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഒഴിപ്പിക്കൽ നടപടിയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നത്. ഇതോടെ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയുടെ എംഎൽഎ വിനു മോർദിയ തന്നെ ഈ നടപടിയെ പരസ്യമായി ചോദ്യം ചെയ്യുകയും നഗരസഭാ അധികൃതരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തതോടെ വിവാദം കൂടുതൽ ശക്തമായി.
''ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. റോഡിന്റെ അളവ് എടുക്കുന്നതിനും അതിർത്തി നിർണയിക്കുന്നതിനുമാണ് മുനിസിപ്പൽ സംഘം അവിടെ പോയത്. വീടുകൾ പൊളിച്ചുമാറ്റാൻ യാതൊരു ഉത്തരവും നൽകിയിട്ടില്ല, ഒരു ഔദ്യോഗിക നടപടിക്കും അനുമതിയുണ്ടായിരുന്നില്ല. മുനിസിപ്പൽ ഫയലുകളിൽ ഇങ്ങനെയൊരു ഒഴിപ്പിക്കൽ ഡ്രൈവിനെക്കുറിച്ച് ഒരു രേഖയുമില്ല''- വിനു മോർദിയ പറഞ്ഞതായി 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
ജൂൺ മൂന്നിന് മുനിസിപ്പൽ ഉദ്യോഗസ്ഥരുടെയും വൻ പൊലീസ് സംഘത്തിന്റെയും സാന്നിധ്യത്തിലാണ് ബുൾഡോസറുകൾ ഈ ചേരിപ്രദേശത്തെ നൂറോളം വീടുകൾ തകർത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താൻ മുനിസിപ്പൽ കമ്മീഷണർ എം.നാഗരാജനുമായി സംസാരിച്ചെന്നും, എസ്എംസി ഇത്തരമൊരു പൊളിക്കലിന് അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചതായും മോർദിയ പറഞ്ഞു. ''ആരാണ് ഈ പൊളിക്കൽ നടത്തിയത് എന്നതിനെക്കുറിച്ച് ഞാൻ വ്യക്തത തേടിയിട്ടുണ്ട്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനല്ലാതെ മറ്റാർക്കും വീടുകൾ പൊളിക്കാൻ നിയമപരമായി അധികാരമില്ല. അതുകൊണ്ടുതന്നെ, ആരോ നിയമം കയ്യിലെടുത്തുവെന്നാണ് ഇത് വ്യക്തമാക്കുന്നത്'' ടൈംസ് ഓഫ് ഇന്ത്യയോട് മോർദിയ പറഞ്ഞു.
വളരെക്കാലമായി നിലനിൽക്കുന്ന ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട് അതിർത്തി തിരിക്കുന്നതിനായി മാത്രമാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതെന്ന് മുനിസിപ്പൽ കമ്മീഷണറും സ്ഥിരീകരിച്ചു. ആ സമയത്ത്, മറ്റൊരു വിഭാഗം ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു. ആ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടേതാണ്, അവർ സ്വന്തം നിലക്ക് മെഷിനറികൾ എത്തിച്ചതാകാം. ഈ പൊളിക്കലിൽ എസ്എംസിക്ക് യാതൊരു പങ്കുമില്ലെന്നും നാഗരാജൻ പറഞ്ഞു.
എസ്എംസി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ പട്ടേലും നഗരസഭയുടെ പങ്ക് നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വീടുകൾ പൊളിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസിന്റെയും നഗരസഭാ ജീവനക്കാരുടെയും പങ്കിനെക്കുറിച്ച് നാട്ടുകാർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വീടുകൾ തകർക്കപ്പെടുമ്പോൾ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്ന് പ്രാദേശത്തെ താമസക്കാരനായ ജാവിദ് ഷാ ആരോപിച്ചു. ''ജെസിബി കൈകൾ ഞങ്ങളുടെ വീടുകൾ തകർത്തെറിയുമ്പോഴും സ്ത്രീകളും കുട്ടികളും തങ്ങളുടെ വീട് രക്ഷിക്കാനായി കരഞ്ഞു നിലവിളിക്കുമ്പോഴും യൂണിഫോം ധരിച്ച പൊലീസുകാർ അവിടെ നോക്കിനിൽക്കുകയായിരുന്നു. ഈ പൊളിക്കൽ നിയമവിരുദ്ധമായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് പൊലീസ് അവരോട് പൊളിക്കൽ ഉത്തരവോ മജിസ്ട്രേറ്റിന്റെ അനുമതിയോ ചോദിക്കാതിരുന്നത്''- ജാവിദ് ഷാ ചോദിക്കുന്നു.
Adjust Story Font
16
