തമിഴകം ആർക്കൊപ്പം? പരസ്യപ്രചരണം ഇന്നവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ
തമിഴ്‌നാട്ടിൽ ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യങ്ങൾ തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, കന്നിപ്പോരിനിറങ്ങുന്ന നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം ദ്രാവിഡ പ്രസ്ഥാനങ്ങളുടെയും ജനകീയരായ കരുത്തുറ്റ നേതാക്കളുടെയും പോരാട്ടങ്ങളുടെ കഥയാണ്. 1967ൽ കോൺഗ്രസിനെ പരാജയപ്പെടുത്തി സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിലേറിയതോടെയാണ് തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം ആഴത്തിൽ വേരുറപ്പിച്ചത്. പിന്നീട് എം.ജി.ആർ രൂപീകരിച്ച അണ്ണാ ഡിഎംകെയും കരുണാനിധിയുടെ ഡിഎംകെയും തമ്മിലായി സംസ്ഥാനത്തെ പ്രധാന പോരാട്ടം. എം.ജി.ആർ, ജയലളിത, കരുണാനിധി തുടങ്ങിയ അതികായന്മാർ അടക്കിവാണ തമിഴ് രാഷ്ട്രീയത്തിൽ, മുന്നണികൾ മാറിമാറി ഭരണം പിടിക്കുന്ന ശൈലിയാണ് കാലങ്ങളായി കണ്ടുവരുന്നത്. കരുണാനിധിയും ജയലളിതയും ഇല്ലാത്ത മറ്റൊരു തെരഞ്ഞെടുപ്പിനാണ് ഇപ്പോൾ തമിഴകം സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ദ്രാവിഡ പാർട്ടികൾക്കൊപ്പം ദേശീയ പാർട്ടികളും പുതിയതായി രൂപീകരിക്കപ്പെട്ട കക്ഷികളും കൂടി ചേരുമ്പോൾ ഇത്തവണത്തെ പോരാട്ടം കൂടുതൽ സങ്കീർണവും ആവേശകരവുമാകുന്നു.
ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാവുകയാണ്. ഏപ്രിൽ 23നാണ് സംസ്ഥാനം തങ്ങളുടെ പുതിയ ഭരണാധികാരികളെ തെരഞ്ഞെടുക്കാനായി പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. ഭരണകക്ഷിയായ ഡിഎംകെ സഖ്യവും പ്രതിപക്ഷമായ അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരമെങ്കിലും, തമിഴ് രാഷ്ട്രീയത്തിൽ കന്നി അംഗത്തിനെത്തിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
ദേശീയ പാർട്ടികൾ വലിയ പ്രാധാന്യമാണ് ഇത്തവണ തമിഴ്നാടിന് നൽകിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ ദേശീയ നേതാക്കളുടെ വൻ നിര തന്നെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. ബിജെപിക്കും ആർഎസ്എസിനുമെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചാരണവേളയിൽ ഉന്നയിച്ചത്. കന്യാകുമാരി ജില്ലയിലെ ആറ് മണ്ഡലങ്ങളിലെ സഖ്യസ്ഥാനാർഥികൾക്കായി മണ്ഡയ്ക്കാട് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, അണ്ണാ ഡിഎംകെയെ മുൻനിർത്തി തമിഴ്നാട് ഭരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, നടൻ വിജയിക്കെതിരെ ഡിഎംകെ സഖ്യം കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. വിജയിക്കും അണ്ണാ ഡിഎംകെയ്ക്കും നൽകുന്ന വോട്ടുകൾ യഥാർത്ഥത്തിൽ ബിജെപിക്കുള്ള വോട്ടാണെന്ന് വിസികെ നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു. ഡിഎംകെ സഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി ബിജെപി തന്ത്രപൂർവ്വം കളത്തിലിറക്കിയ വ്യക്തിയാണ് വിജയ് എന്നും തിരുമാവളവൻ ആരോപിച്ചു. സാമൂഹിക നീതി, മതേതരത്വം, ജാതി അക്രമം, സാമ്പത്തിക വികസനം, തമിഴ്‌നാടിന്റെ വളർച്ച തുടങ്ങിയ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിച്ചിരുന്നതിന് പകരം വിജയ് പ്രധാനമായും ഡിഎംകെയെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും എതിർക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചെന്നൈയിലെ വെളാച്ചേരി. സിറ്റിങ് സീറ്റായ വെളാച്ചേരിയിൽ കോൺഗ്രസിലെ ഹസൻ മൗലാനയാണ് ഇത്തവണയും ജനവിധി തേടുന്നത്. 2016 മുതൽ ഡിഎംകെ സഖ്യത്തിനൊപ്പമുള്ള ഈ മണ്ഡലത്തിൽ, കഴിഞ്ഞ തവണ 4352 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഹസൻ മൗലാനയുടെ വിജയം. എന്നാൽ ഇത്തവണ അണ്ണാ ഡിഎംകെ മത്സരം കടുപ്പിച്ചതും, യുവവോട്ടർമാരെ നടൻ വിജയ് വലിയ തോതിൽ ആകർഷിക്കുന്നതും കോൺഗ്രസിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മലയാളി വോട്ടർമാർക്ക് വലിയ സ്വാധീനമുള്ള ഇവിടെ കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രചാരണത്തിനായി എത്തിയിട്ടുണ്ട്. ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുന്ന ഏക സീറ്റായ വെളാച്ചേരി നിലനിർത്തേണ്ടത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാന പ്രശ്നമാണ്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ദേശീയ നേതാക്കളുടെ സജീവ ഇടപെടലുകളും കൂടി ചേരുമ്പോൾ തമിഴ്നാട് ഇത്തവണ കാത്തിരിക്കുന്നത് ആവേശകരവും പ്രവചനാതീതവുമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തെയാണ്. ഏപ്രിൽ 23ന് തമിഴ് മക്കൾ ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.
Adjust Story Font
16

