ടിസിഎസ് നാസിക് വിവാദം: വ്യക്തിപരമായ തർക്കം; മതപരിവർത്തനം നടന്നിട്ടില്ല, വസ്തുതാന്വേഷണ റിപ്പോർട്ട്
സ്ഥാപനത്തിലെ ഒരു സാധാരണ നിയമപ്രശ്‌നത്തെ ചിലർ ചേർന്ന് വർഗീയവൽക്കരിച്ചുവെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു

- Updated:
2026-04-18 15:32:18.0

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ചില ജീവനക്കാർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണങ്ങളിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) വസ്തുതാന്വേഷണ റിപ്പോർട്ട്. വ്യക്തിപരമായ ഒരു തർക്കത്തെ ബാഹ്യശക്തികൾ ഇടപെട്ട് ബോധപൂർവം വർഗീയവൽക്കരിച്ചതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു തൊഴിലിടത്തിലെ സാധാരണ തർക്കത്തെ വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എപിസിആർ വസ്തുതാന്വേഷണ റിപ്പോർട്ടും കണ്ടെത്തലുകളും
നാസിക്കിൽ നേരിട്ടെത്തിയാണ് APCR മഹാരാഷ്ട്ര ഘടകം അന്വേഷണം നടത്തിയത്. ഷാക്കിർ ശൈഖ്, അഡ്വ. ശുഐബ് ഇനാംദാർ, അഡ്വ. ഇമ്രാൻ, അഡ്വ. വസീം ശൈഖ്, ജമീൽ അഹമ്മദ് എന്നിവരടങ്ങിയ സംഘം ആരോപണവിധേയരായ പ്രതികളുടെ കുടുംബങ്ങളെയും അവരുടെ അഭിഭാഷകരെയും നാസിക് പൊലീസ് കമ്മീഷണറെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുകയും കോടതി നടപടികൾ വിലയിരുത്തുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പുറത്തുനിന്നുള്ള ചിലർ ബോധപൂർവം ഈ വിഷയത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നാണ് എപിസിആർ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത സെൻസേഷണലായ വർഗീയ ആഖ്യാനങ്ങളുമായി നാസിക്കിലെ യഥാർഥ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്നും, ലഭ്യമായ വസ്തുതകൾ വെച്ച് നോക്കുമ്പോൾ ഇതൊരു സാധാരണ നിയമപ്രശ്നവും വ്യക്തിപരമായ തർക്കവും മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാഷ്ട്രീയ-വർഗീയ സമ്മർദങ്ങൾ ഒഴിവാക്കി ഭരണഘടനാപരമായ നിഷ്പക്ഷ അന്വേഷണം നടത്തുക, പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള മാധ്യമ വിചാരണയും വ്യാജവാർത്തകളും തടയുക, വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളുടെ പേരിൽ ഒരു സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്ന പ്രവണത ഒഴിവാക്കുക, അന്വേഷണ മേൽനോട്ടത്തിനായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും എപിസിആർ അധികാരികൾക്ക് മുന്നിൽ വെച്ചു.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) വസ്തുതാന്വേഷണ റിപ്പോർട്ട്
പ്രതിഭാഗത്തിന്റെ വാദങ്ങളും കുടുംബങ്ങളുടെ വെളിപ്പെടുത്തലുകളും
പ്രതിഭാഗം അഭിഭാഷകനായ ബാബ സയ്യിദിന്റെ പ്രതികരണങ്ങളും പ്രതികളുടെ കുടുംബങ്ങളുടെ വെളിപ്പെടുത്തലുകളും APCR റിപ്പോർട്ടിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ്. കേസിൽ പ്രധാന പ്രതിയാക്കപ്പെട്ട ഡാനിഷ് ശൈഖും പരാതിക്കാരിൽ ഒരാളും തമ്മിലുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം പിന്നീട് വഷളായതാണ് ഈ കേസുകൾക്ക് ആധാരമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിലേക്ക് യാതൊരു ബന്ധവുമില്ലാത്ത മറ്റ് ജീവനക്കാരെയും വലിച്ചിഴയ്ക്കുകയായിരുന്നു. കാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി കേവലം മൂന്ന് മാസം മാത്രം സർവീസുള്ള ജീവനക്കാരെ വരെ ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് കുടുംബങ്ങൾ ആരോപിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതൊരു ഗൂഢാലോചനയാണെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നുമാണ് അറസ്റ്റിലായ റാസ റഫീഖ് മേമന്റെ അമ്മാവനായ റസാഖ് ഖാസിയുടെ പ്രതികരണം. പെൺകുട്ടിയുടെ കുടുംബത്തിനും ബജ്‌റങ്ദളിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പ്രതിയായ തൗസിഫ് അത്താറിന്റെ പിതാവായ ബിലാലും തന്റെ മകനെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ടിസിഎസിന്റെ ഔദ്യോഗിക വിശദീകരണവും മാധ്യമ വിചാരണയും
ഈ കേസിൽ ദേശീയ മാധ്യമങ്ങൾ വലിയ തോതിൽ ആഘോഷിച്ച മറ്റൊരു പ്രധാന ആരോപണം നിദ ഖാൻ എന്ന യുവതിയെക്കുറിച്ചായിരുന്നു. ഇവർ ടിസിഎസിലെ എച്ച്ആർ (HR) മാനേജർ ആണെന്നും, ഇവരുടെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റും മതപരിവർത്തനവും നടന്നതെന്നുമായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. NDTV, AajTak, News18 തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാദം ഏറ്റുപിടിച്ചു. എന്നാൽ നിതയുടെ പിതാവും ടിസിഎസും ഇത് നിഷേധിച്ചു. ഗർഭിണിയായ തന്റെ മകൾ ഒളിവിലല്ലെന്നും ഭർതൃഗൃഹത്തിലാണെന്നും പിതാവ് പറഞ്ഞു. നാസിക്കിൽ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ ആൾദൈവം അശോക് ഖരട്ടിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് ടിസിഎസ് സിഇഒ കെ. കൃത്തിവാസൻ രേഖാമൂലം തന്നെ വ്യക്തമാക്കി. നിദ ഖാൻ എച്ച്ആർ വിഭാഗത്തിലല്ല ജോലി ചെയ്തിരുന്നതെന്നും, അവർക്ക് റിക്രൂട്ട്മെന്റ് ചുമതലകളോ മറ്റ് നേതൃപദവികളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അവരൊരു ജൂനിയർ ജീവനക്കാരി മാത്രമായിരുന്നു. മാധ്യമങ്ങൾ ഒരു വ്യക്തിയുടെ പദവിയെക്കുറിച്ച് പോലും അന്വേഷിക്കാതെ എങ്ങനെ വ്യാജവാർത്തകൾ പടച്ചുവിടുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായി ഇത് മാറി. കൂടാതെ, സ്ഥാപനത്തിന്റെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിലോ (POSH) മറ്റ് ഔദ്യോഗിക ചാനലുകളിലോ ഇത്തരത്തിലുള്ള യാതൊരു പരാതികളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ടിസിഎസ് വ്യക്തമാക്കിയതായി വസ്തുതാന്വേഷണ മാധ്യമമായ ഓൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേസിന്റെ നിലവിലെ അവസ്ഥയും അന്വേഷണവും
എട്ട് വനിതാ ജീവനക്കാരുടെയും ഒരു പുരുഷ ജീവനക്കാരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് പൊലീസ് നിലവിൽ ഒമ്പത് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡാനിഷ് ശൈഖ്, തൗസിഫ് അത്താർ, റാസ റഫീഖ് മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ശൈഖ്, ആസിഫ് അഫ്താബ് അൻസാരി, മുൻ എച്ച്ആർ ഹെഡ് ആയ അശ്വിനി ചൈനാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ടിസിഎസ് നാസിക്കിലെ അവരുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുക്കയും ചെയ്തു. സംഭവത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ആശങ്ക രേഖപ്പെടുത്തുകയും സിഒഒ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും ഇതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വ്യക്തിപരമായ ഒരു ബന്ധത്തിലുണ്ടായ തകർച്ചയെ വർഗീയവും മതപരവുമായ രീതിയിൽ മാധ്യമങ്ങളും ബാഹ്യശക്തികളും ചേർന്ന് പർവ്വതീകരിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരങ്ങൾ വിരൽചൂണ്ടുന്നത്.
Adjust Story Font
16
