തമിഴകത്ത് പോരാട്ടച്ചൂട്: ദ്രാവിഡ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ വിജയ്ക്ക് സാധിക്കുമോ ?
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നതിൽ തർക്കമില്ല. ഇരു മുന്നണികളും കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കുമ്പോഴും വിജയിയുടെ ടിവികെയും സീമാന്റെ എൻടികെയും നേടുന്ന വോട്ടുകൾ ആരുടെ പതനത്തിനാണ് കാരണവുമെന്ന് കാത്തിരുന്ന് കാണണം

- Published:
25 March 2026 7:32 PM IST
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തമിഴക രാഷ്ട്രീയത്തിലെ കലങ്ങി മറിച്ചിലുകൾക്ക് ശമനമായിട്ടില്ല. ഡിഎംകെ-എഡിഎംകെ എന്ന പതിവിന് വിപരീതമായി നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ കൂടി ചിത്രത്തിലേക്ക് വന്നതാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ടിവികെ ആരുടെ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നതും ശ്രദ്ധേയമാണ്. പുതുവോട്ടർമാരെ ലക്ഷ്യമിട്ടുള്ള പലവിധ നീക്കങ്ങൾക്ക് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് തീർച്ച.
അസ്വാരസ്യങ്ങളും ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനവും
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസ് (SPA) സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. പതിവിന് വിപരീതമായി ചില അസ്വാരസ്യങ്ങളും സീറ്റ് വിഭജന ചർച്ചകളിൽ ഉണ്ടായിരുന്നു. ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മുന്നണിയിലെ ചർച്ച പൂർത്തിയാക്കിയത്. സഖ്യകക്ഷികൾക്ക് 66 സീറ്റാണ് ഡിഎംകെ അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിന് 28 സീറ്റുകളും സിപിഐക്ക് 5 സീറ്റുകളും നൽകാൻ മുന്നണിയിൽ ആദ്യ ഘട്ടത്തിൽ തന്നെ ധാരണയായിരുന്നു. സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായുള്ള ചർച്ചയാണ് നീണ്ടുപോയിരുന്നത്. ആദ്യ ഘട്ടത്തിൽ നാല് സീറ്റുകളാണ് സിപിഎമ്മിന് വാഗ്ദാനം ചെയ്തിരുന്നത്. പിന്നീടത് അഞ്ചാക്കിയിട്ടുണ്ട്. എംഡിഎംകെക്ക് നാല്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി , മനിതനേയ മക്കൾ കക്ഷി എന്നിവർക്ക് രണ്ട് സീറ്റ് വീതവുമാണ് നൽകിയിരിക്കുന്നത്. ഇതിൽ കെഎംഡികെയും എംഎംകെയും ഡിഎംകെയുടെ ചിഹ്നത്തിലായിരിക്കും മനസിലാക്കുക. എംഡിഎംകെ നാലിൽ മൂന്ന് സീറ്റുകളിലും 'ഉദയസൂര്യൻ' ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഡിഎംഡികെക്ക് ഒരു രാജ്യസഭ സീറ്റ് നൽകിയിരുന്നു. കോൺഗ്രസ് ഒഴികെയുള്ള മറ്റെല്ലാ ഘടകകക്ഷികളുടെയും സീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള ഡിഎകെയുടെ തീരുമാനം സഖ്യകക്ഷികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതെല്ലാം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ നേരിടാൻ സഖ്യം തകരരുത് എന്ന നിർബന്ധത്തിലാണ് പല പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവവും മകനും തെരഞ്ഞെടുപ്പ് അടുത്ത നിൽക്കുന്ന സമയത്ത് ഡിഎംകെയുടെ ഭാഗമായത് വലിയ നേട്ടമാവും എന്നാണ് കണക്ക് കൂട്ടുന്നത്.
വിജയിയുടെ ടിവികെയും 'പവർ ഷെയറിംഗ്' വാഗ്ദാനവും
വിജയിയുടെ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ കന്നി സമ്മേളനത്തിൽ മുന്നോട്ട് വെച്ച 'ഭരണത്തിൽ പങ്ക്' (Power Sharing) എന്ന വാഗ്ദാനം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 60 വർഷമായി തമിഴ്‌നാട്ടിൽ ഭരണം നഷ്ടപ്പെട്ട കോൺഗ്രസിനെപ്പോലുള്ള പാർട്ടികളെ സംബന്ധിച്ച് ഇത് വളരെ ആകർഷകമായിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസിലെ ചിലരെങ്കിലും അങ്ങനെ ചിന്തിക്കുകയും ചെയ്തു. ഡിഎംകെ കോൺഗ്രസ് ദേശിയ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ആ നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞത്. പകരമായി ഡിഎംകെ കോൺഗ്രസിന് രാജ്യസഭാ സീറ്റും അധികമായി മൂന്ന് നിയമസഭാ സീറ്റുകളും നൽകി. നിലവിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച വിജയ്, 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വോട്ടുകളിലാണ് ടിവികെ കണ്ണ് വെച്ചിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും ബിജെപിയോട് സ്വീകരിക്കുന്ന മൃദുസമീപനവും വിജയിക്കെതിരെ ആരോപണമായി ഉണ്ടെങ്കിലും അതൊന്നും ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്നാണ് ടിവികെ അനുകൂലികളും വിജയ് ആരാധകരും പറയുന്നത്.
എഐഎഡിഎംകെ - ബിജെപി പുനസ്സമാഗമം
ലോക്സഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെയാണ് എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോർക്കാൻ തീരുമാനിച്ചത്. 2025 ഏപ്രിലിൽ സഖ്യത്തിലായെങ്കിലും പല ആഭ്യന്തരപ്രശ്നങ്ങളും മുന്നണി നേരിടുന്നുണ്ട്. ടിടിവി. ദിനകരന്റെ എഎംഎംകെ മുന്നണി വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി. എടപ്പാടി പളനിസ്വാമിയുടെ എതിർപ്പ് ഒ. പനീർസെൽവത്തെ ഡിഎംകെ മുന്നണിയിൽ എത്തിച്ചു. എൻഡിഎക്ക് അതൊരു കനത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പി.എം.കെയിൽ ഉണ്ടായ പിളർപ്പും അൻപുമണി രാമദാസ് എൻഡിഎയുടെ ഭാഗമായതും മുന്നണിക്ക് നേട്ടമാവുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.
ബിജെപിക്ക് വിഴുങ്ങാൻ പാകത്തിൽ നിന്നു കൊടുക്കുന്നു എന്നതാണ് എഐഎഡിഎംകെക്ക് എതിരെ ഉയരുന്ന പ്രധാനവിമർശനം. പളനിസ്വാമിയുടെ ഡൽഹി സന്ദർശനങ്ങളെ 'തമിഴ്‌നാടും ഡൽഹിയും തമ്മിലുള്ള പോരാട്ടം' എന്നാണ് ഡിഎംകെ വിശേഷിപ്പിക്കുന്നത്. എന്നാൽ 1998-ൽ ജയലളിതയുടെ കാലത്തുതന്നെ ബിജെപിയുമായി സഹകരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആർക്കും തങ്ങളെ വിഴുങ്ങാനാവില്ലെന്നും എഐഎഡിഎംകെ നേതാവ് കെ.പി. മുനുസ്വാമി ഇതിന് മറുപടിയായി പറഞ്ഞു.
സീമാൻ്റെ നാം തമിഴർ കക്ഷിയും സ്ത്രീ പ്രാതിനിധ്യവും
16 വർഷമായി സജീവമായ സീമാൻ്റെ നാം തമിഴർ കക്ഷി (NTK) ഇത്തവണയും സഖ്യങ്ങളില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 50 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുന്ന രീതിയിൽ തന്നെയാണ് . ബ്രാഹ്മണ സമൂഹത്തിൽ നിന്ന് ആറ് സ്ഥാനാർത്ഥികളെ നിർത്തിയത് സീമാൻ്റെ രാഷ്ട്രീയ തന്ത്രത്തിലെ വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു. ഇവരെക്കൂടാതെ വി.കെ ശശികലയുടെ നേതൃത്വത്തിലുള്ള എഐപിഎംഎംകെയും ചെറിയ പാർട്ടികളും രാഷ്ട്രീയ ഗോദയിലുണ്ട്.
പ്രധാന വിഷയങ്ങൾ
ക്രമസമാധാന നിലയിലെ തകർച്ചയും വിലക്കയറ്റവും സ്ത്രീകളുടെ സുരക്ഷാ പ്രശ്നങ്ങളുമാണ് എഐഎഡിഎംകെയും വിജയിയുടെ ടിവികെയും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, തങ്ങൾ നടപ്പാക്കിയ ക്ഷേമപദ്ധതികളും സാമ്പത്തിക വളർച്ചയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത കൂറുമാറ്റങ്ങളും നിറഞ്ഞ തമിഴ്‌നാട് തെരഞ്ഞെടുപ്പ്, ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നായിരിക്കും എന്നതിൽ തർക്കമില്ല. ഇരു മുന്നണികളും കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കുമ്പോഴും വിജയിയുടെ ടിവികെയും സീമാന്റെ എൻടികെയും നേടുന്ന വോട്ടുകൾ ആരുടെ പതനത്തിനാണ് കാരണമാവുക എന്ന് കാത്തിരുന്ന് കാണണം
Adjust Story Font
16
