Quantcast

ഉത്തര്‍പ്രദേശില്‍ വീട്ടിൽ ബീഫ് പാകം ചെയ്ത മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

അറസ്റ്റിലായ സ്ത്രീകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    27 Jun 2026 9:59 AM IST

ഉത്തര്‍പ്രദേശില്‍ വീട്ടിൽ ബീഫ് പാകം ചെയ്ത മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍
X

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ വീട്ടിൽ ബീഫ് പാകം ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാംസം കണ്ടെടുത്തതെന്നാണ് പൊലീസ് വാദം. ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൗശാംബിയിലെ ഒരു വീട്ടിൽ കുടുംബം ബീഫ് കൊണ്ടുവന്ന് പാകം ചെയ്യുന്നുണ്ടെന്ന് ബുധനാഴ്ചയാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. വിവരം സ്ഥിരീകരിച്ച ശേഷം പൊലീസ് സംഘം ഈ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടനെ വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാർ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ സ്ത്രീകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസുകാർ ചേർന്ന് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.

അറസ്റ്റിലായ സ്ത്രീകളുടെ ഭർത്താക്കന്മാരും, ഇവർക്കൊപ്പമുണ്ടായിരുന്ന അയൽവാസിയുമായ ഒരാളുമാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. മുംബൈയിൽ ജോലി ചെയ്യുന്ന ഇവർ അടുത്തിടെയാണ് കൗശാംബിയിലെ വീട്ടിൽ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

പരിശോധനയിൽ വീട്ടിൽ നിന്ന് ഒരു കിലോ വേവിക്കാത്ത മാംസവും, ഒരു പാത്രത്തിൽ ഒരു കിലോ വേവിച്ച മാംസവും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഡിഎസ്പി പറഞ്ഞു.

മുപ്പത് വയസിനോട് അടുത്ത് പ്രായമുള്ള മൂന്ന് സ്ത്രീകൾക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS :

Next Story