മമതക്ക് തലവേദനയായി എംപിമാരും; 23 പേർ വിമത ക്യാമ്പിലേക്കെന്ന് സൂചന
നിലവിൽ ലോക്‌സഭയിൽ ടിഎംസിക്ക് 29 എംപിമാരാണുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കപ്പെടാൻ കുറഞ്ഞത് 22 എംപിമാരുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭയിൽ പാർട്ടിക്ക് 13 അംഗങ്ങളാണുള്ളത്, ഇവിടെ പ്രത്യേക ഗ്രൂപ്പാകാൻ 9 എംപിമാർ വേണം.

- Published:
5 Jun 2026 4:36 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ വൻ പിളർപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) കൂടുതൽ പ്രതിസന്ധിയിലാക്കി പാർലമെന്ററി പാർട്ടിയിലും ഭിന്നത രൂക്ഷം. തൃണമൂൽ കോൺഗ്രസിന്റെ 23 എംപിമാർ വിമത എംഎൽഎമാരുടെ ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും വരും ദിവസങ്ങളിൽ പാർലമെന്ററി പാർട്ടിയിൽ പിളർപ്പുണ്ടായേക്കുമെന്നുമാണ് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ബംഗാൾ നിയമസഭ കക്ഷിയിൽ വലിയ പിളർപ്പുണ്ടായത്. ഔദ്യോഗിക വിഭാഗം പ്രതിപക്ഷ നേതാവായി ശോഭൻ ദേബ് ചതോപാധ്യയെ തീരുമാനിച്ചെങ്കിലും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ പാർട്ടി പിളർത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചുകൊണ്ടുള്ള കത്തിലെ തങ്ങളുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു വാദം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും ഋതബ്രതക്കായിരുന്നു. ബംഗാൾ നിയമസഭയുടെ പ്രതിപക്ഷ നേതാവായി ഋതബ്രതയെ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എംപിമാർക്കിടയിലും പിളർപ്പ് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരുന്നത്.
പാർട്ടിയുടെ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടുള്ള അതൃപ്തിയാണ് പാർലമെന്ററി പാർട്ടിയിലെ പിളർപ്പിനും കാരണമായി പാർട്ടി നേതാക്കൾ നൽകുന്ന വിവരം. പാർലമെന്റിൽ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. ഒരു മുതിർന്ന എംപിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. നിലവിൽ ലോക്‌സഭയിൽ ടിഎംസിക്ക് 29 എംപിമാരാണുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കപ്പെടാൻ കുറഞ്ഞത് 22 എംപിമാരുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭയിൽ പാർട്ടിക്ക് 13 അംഗങ്ങളാണുള്ളത്, ഇവിടെ പ്രത്യേക ഗ്രൂപ്പാകാൻ 9 എംപിമാർ വേണം. അതേസമയം, എംപിമാർ തങ്ങളുടെ ക്യാമ്പിൽ ചേരുന്നുണ്ടോ എന്ന കാര്യത്തിൽ വിമത നേതാവ് റിതബ്രത ബാനർജി കൃത്യമായ മറുപടി നൽകിയില്ല. കഴിഞ്ഞ ഏഴ് ദിവസമായി താൻ പാർലമെന്റ് അംഗങ്ങളോട് സംസാരിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ പലതും സംഭവിക്കാമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതിനിടെ, നിയമസഭയിലെ അസ്വാരസ്യങ്ങൾ പാർലമെന്റിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന രാജ്യസഭാംഗം സുഖേന്ദു ശേഖർ റോയ് പരസ്യമായി സൂചന നൽകി. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 60 ഓളം എംഎൽഎമാർ പാർട്ടി വിട്ടുപോകുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും സമാനമായ പ്രതികരണം ലോക്‌സഭയിലും ഉണ്ടായേക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയുടെ 28 വർഷത്തെ ചരിത്രത്തിലെ ആദ്യ പിളർപ്പിന് പിന്നാലെ കൂടുതൽ കൂറുമാറ്റങ്ങൾ തടയാൻ മമത ബാനർജി വ്യക്തിപരമായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഹൗറ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമത എംഎൽഎമാരുമായി മമത ബാനർജി സംസാരിച്ചതായാണ് വിവരം. പാർലമെന്റിലും സമാനമായ അനുനയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, മമത ബാനർജിയുടെ പങ്ക് പുനർനിർവചിക്കാനുള്ള നീക്കങ്ങളിൽ വിമത ക്യാമ്പിൽ തന്നെ ഭിന്നതയുണ്ട്. മമത ബാനർജി പാർട്ടിയുടെ പരമോന്നത നേതാവായി തുടരണമെന്നും അവരെ ഒരു ഉപദേശക പദവിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും ഒരു വിഭാഗം എംഎൽഎമാർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16
