'മോദിയുടെ യുദ്ധം': റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്
ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജം തുടർച്ചയായി വാങ്ങുന്നതാണ് റഷ്യയുടെ സൈനിക ആക്രമണത്തിന് ഇന്ധനം നൽകുന്നതെന്ന് നവാരോ അവകാശപ്പെട്ടു

വാഷിംഗ്ടൺ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയത് പ്രാബല്യത്തിൽ വന്നതിന് മണിക്കൂറുകൾക്ക് ശേഷം വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഇന്ത്യക്കെതിരെ രംഗത്ത്. റഷ്യ-യുക്രൈൻ സംഘർഷത്തെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ച നവാരോ ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജം തുടർച്ചയായി വാങ്ങുന്നതാണ് റഷ്യയുടെ സൈനിക ആക്രമണത്തിന് ഇന്ധനം നൽകുന്നതെന്നും അവകാശപ്പെട്ടു. റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് ചെയ്ത ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ യുഎസ് തീരുവയിൽ 25 ശതമാനം കുറവ് വരുത്താമെന്നും നവാരോ പറഞ്ഞു.
'ഞാൻ മോദിയുടെ യുദ്ധത്തെയാണ് ഉദ്ദേശിക്കുന്നത്. കാരണം സമാധാനത്തിലേക്കുള്ള പാത ഭാഗികമായി ഇന്ത്യയിലൂടെയാണ്.' ബ്ലൂംബെർഗ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് നവാരോ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ പരാമർശം എന്നതാണ് ശ്രദ്ധേയം. 'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി യുദ്ധ യന്ത്രത്തിന് ഭക്ഷണം നൽകാൻ സഹായിച്ചാൽ ഇന്ത്യക്ക് നാളെ 25 ശതമാനം കിഴിവ് ലഭിക്കും.' നവാരോ ആവർത്തിച്ചു.
ഏതൊരു ഏഷ്യൻ രാജ്യത്തിനും മേൽ അമേരിക്ക ചുമത്തുന്ന ഏറ്റവും ഉയർന്ന പരസ്പര ലെവിയാണ് ഇന്ത്യക്കുമേലുള്ള 50 ശതമാനം തീരുവ. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 55 ശതമാനത്തിലധികത്തെയും ഇത് ബാധിക്കും. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ നിരവധി പ്രധാന ഉൽപ്പന്നങ്ങളെ നിലവിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും തുണിത്തരങ്ങളും ആഭരണങ്ങളും ഉൾപ്പെടെ നിരവധി തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങളെ തീരുവ ബാധിച്ചിട്ടുണ്ട്.
Adjust Story Font
16

