സർക്കാർ രൂപീകരണത്തിന് മുസ്‌ലിം ലീഗ് പിന്തുണ തേടി ടിവികെ
പിന്തുണ തേടി ടിവികെ നൽകിയ കത്തിൽ തീരുമാനമറിയിക്കാൻ ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും

- Published:
8 May 2026 8:11 AM IST

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ.
ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള ദീർഘകാല രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയാണ് വിജയിയുടെ പാർട്ടിയെ പിന്തുണയ്ക്കാനാവില്ലെന്ന് ലീഗ് വ്യക്തമാക്കിയത്. തങ്ങൾ ഡിഎംകെ സഖ്യത്തിലാണെന്നും ഡിഎംകെ സ്വീകരിക്കുന്ന നിലപാട് തന്നെയാണ് തങ്ങളുടേതെന്നും ലീഗ് അധ്യക്ഷൻ ഖാദർ മൊയ്തീൻ അരുൺ രാജിനെ അറിയിച്ചു.
പിന്തുണ തേടി ടിവികെ നൽകിയ കത്തിൽ തീരുമാനമറിയിക്കാൻ ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും. അതിനിടെ ഡിഎംകെ ടിവികെയെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. 118 പേരുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗവർണർ.
Adjust Story Font
16
