Quantcast

ഏകീകൃത സിവിൽ കോഡ്: അമിത് ഷായുടെ നീക്കത്തിന് ടിഡിപിയുടെയും ശിവസേനയുടെയും പിന്തുണ, ബിഹാറിൽ നടപ്പാക്കില്ലെന്ന് ജെഡിയു

ഏകീകൃത സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ബിഹാറിൽ അത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജെഡിയു

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-09-15 05:04:44

Published:

15 Sept 2026 8:21 AM IST

ഏകീകൃത സിവിൽ കോഡ്: അമിത് ഷായുടെ നീക്കത്തിന് ടിഡിപിയുടെയും ശിവസേനയുടെയും പിന്തുണ, ബിഹാറിൽ നടപ്പാക്കില്ലെന്ന് ജെഡിയു
X

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോട് സമ്മിശ്ര പ്രതികരണവുമായി സഖ്യകക്ഷികൾ. ടിഡിപി, ശിവസേന തുടങ്ങിയ കക്ഷികൾ ഈ നീക്കത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ജെഡിയു വ്യക്തമാക്കി. മറ്റ് ചില കക്ഷികൾ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷത്തിന് നിർണായകമായ ടിഡിപി, ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി രംഗത്തെത്തി. മുമ്പ് മതിയായ കൂടിയാലോചനകളില്ലാതെ നിയമം നടപ്പാക്കുന്നതിനെ ടിഡിപി എതിർത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയിൽ ചേരുന്ന സമയത്ത്, 'ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ടിഡിപി മുസ്‌ലിം സമൂഹത്തിനൊപ്പം നിൽക്കും' എന്ന് ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി നിലപാടിൽ മയപ്പെടുത്തൽ വരുത്തിയതായാണ് സൂചന.

ഏക സിവിൽ കോഡിനെ പിന്തുണക്കുമെന്ന് ലോക്‌സഭയിലെ ടിഡിപി നേതാവ് ലാവു കൃഷ്ണ ദേവരായലു പറഞ്ഞതായി 'ദ് ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. 'നിലവിൽ ഇതുസംബന്ധിച്ച് ചർച്ചകളൊന്നുമില്ല. എന്നാൽ ആവശ്യമെന്ന് തോന്നുമ്പോൾ ഞങ്ങൾ അത് പരിശോധിക്കും. ഇത് നടപ്പാക്കുന്നതിന് മുൻപ് വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകൾ നടത്തും,' അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെപ്പോലെ വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളുമുള്ള ഒരു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വളരെ അത്യാവശ്യമാണെന്നാണ് മറ്റൊരു ടിഡിപി നേതാവ് പ്രതികരിച്ചത്. ഏകദേശം 10 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപിയുടെ നിലപാട് നിർണായകമാണ്.

ബിഹാറിൽ നടപ്പാക്കില്ലെന്ന് ജെഡിയു

ഏകീകൃത സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ബിഹാറിൽ അത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു. ബിഹാറിൽ ഗണ്യമായ മുസ്‌ലിം വോട്ട് ബാങ്കുള്ള ജെഡിയു, ഈ വിഷയത്തിൽ ദേശീയ സമവായം വേണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. 'ഏക സിവിൽ കോഡിനെ പിന്തുണക്കുമെന്നും എന്നാൽ ഞങ്ങളുടെ സംസ്ഥാനത്ത് അത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഈ ബിൽ പാർലമെന്റിൽ വന്നപ്പോൾ നിതീഷ് കുമാർ വ്യക്തമാക്കിയതാണ്. ഞങ്ങൾ ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു.' ജെഡിയു നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ശ്യാം രാജക് പറഞ്ഞു. ഈ വിഷയം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ജെഡിയു ദേശീയ വർക്കിങ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ സഞ്ജയ് ഝാ പറഞ്ഞു. എൻഡിഎയിലെ മറ്റൊരു ബിഹാർ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ബില്ലിന്റെ കരട് അവതരിപ്പിച്ചതിന് ശേഷം മാത്രം നിലപാട് വ്യക്തമാക്കാമെന്ന തീരുമാനത്തിലാണ്.

പിന്തുണയുമായി ശിവസേനയും എച്ച്എഎമ്മും

ഏകീകൃത സിവിൽ കോഡിന് പിന്തുണ ആവർത്തിച്ച് മഹാരാഷ്ട്രയിലെ ശിവസേനയും ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (സെക്കുലർ) രംഗത്തെത്തി. സമത്വം, നീതി, ദേശീയ ഐക്യം എന്നീ തത്വങ്ങളിലധിഷ്ഠിതമാണ് ഏകീകൃത സിവിൽ കോഡെന്ന് ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. തങ്ങളുടെ സ്ഥാപകൻ ബാലാസാഹെബ് താക്കറെയുടെ ദീർഘകാലത്തെ ആശയപരമായ നിലപാടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്എഎം ദേശീയ അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ അമിത് ഷായുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയും പാർട്ടിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

ബംഗാളിലെ നീക്കങ്ങൾ

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിൽ ആരംഭിക്കുമെന്ന് ബിജെപി ബംഗാൾ പ്രസിഡന്റ് ഷാമിക് ഭട്ടാചാര്യ വ്യക്തമാക്കി. ജനങ്ങളിലെ വലിയൊരു വിഭാഗം ഇത് നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപിയുടെ ബംഗാളിലെ പുതിയ സഖ്യകക്ഷിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ, ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന നിലപാടിലാണ്. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുപോന്ന എംപിമാർ രൂപീകരിച്ച എൻസിപിഐയ്ക്ക് ലോക്‌സഭയിൽ 20 അംഗങ്ങളാണുള്ളത്. ഒരു നിർദേശം വന്നതിന് ശേഷം മാത്രമേ ചർച്ചകൾ നടത്തി നിലപാട് വ്യക്തമാക്കൂ എന്ന് പാർട്ടി നേതാവ് കകോലി ഘോഷ് ദസ്തിദാർ പറഞ്ഞു.

ലോക്‌സഭയിൽ ടിഡിപിക്ക് 16, ശിവസേനയ്ക്ക് 13, ജെഡിയുവിന് 12, എൽജെപി (ആർവി)ക്ക് അഞ്ച്, എച്ച്എഎം (എസ്)ന് ഒന്ന് എന്നിങ്ങനെയാണ് എംപിമാരുള്ളത്. രാജ്യസഭയിൽ ടിഡിപിക്കും ജെഡിയുവിനും നാല് വീതവും ശിവസേനയ്ക്ക് രണ്ട് അംഗങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എൻഡിഎ സഖ്യകക്ഷികൾക്കിടയിൽ നടക്കുന്ന ചർച്ചകൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിർണായകമാകും.

TAGS :

Next Story