ഒരൊറ്റ പദവിക്ക് വേണ്ടി പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ; ബിഹാര്‍ എന്‍ഡിഎയില്‍ ഭിന്നത
കുശ്വാഹയോട് എതിർപ്പുമുള്ള എംഎൽഎമാരെ നോട്ടമിട്ട് പാർട്ടിയെ ക്ഷീണിപ്പിക്കാനും ബിജെപി ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

- Published:
10 Jun 2026 12:01 PM IST

രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) മേധാവി ഉപേന്ദ്ര കുശ്വാഹ Photo-PTI
പറ്റ്ന: രാഷ്ട്രീയ ലോക് മോർച്ച (ആര്‍എല്‍എം) ബിജെപിയുമായി ലയനത്തിനില്ലെന്ന് പാർട്ടി അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ഉപേന്ദ്ര കുശ്വാഹ വ്യക്തമാക്കിയതോടെ ബിഹാർ എൻഡിഎ സഖ്യത്തിൽ ഭിന്നത. ജൂൺ 18ന് നടക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎല്‍സി) തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കുശ്വാഹയുടെ മകനും ബിഹാർ മന്ത്രിയുമായ ദീപക് പ്രകാശിന് സ്ഥാനം നഷ്ടമാകുമെന്ന ഉറപ്പായ സാഹചര്യത്തിലാണ് കുശ്വാഹ നിലപാട് കടുപ്പിച്ചത്. ഒരൊറ്റ പദവിക്ക് വേണ്ടി തന്റെ പാർട്ടി ബിജെപിയിൽ ലയിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നിയമസഭയിലോ കൗൺസിലിലോ അംഗമല്ലാത്ത ദീപക് പ്രകാശിന് മന്ത്രിസ്ഥാനത്ത് തുടരണമെങ്കിൽ ജൂൺ 18നകം എംഎൽസി ആയി തെരഞ്ഞെടുക്കപ്പെടണമായിരുന്നു. എന്നാൽ ഒഴിവ് വരുന്ന 10 സീറ്റുകളിൽ എൻഡിഎ സഖ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ദീപക് പ്രകാശിനെ ഒഴിവാക്കുകയായിരുന്നു. സഖ്യകക്ഷികളായ ജെഡിയു നാലും, ബിജെപി നാലും, ചിരാഗ് പാസ്വാന്റെ എൽജെപി (രാംവിലാസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷത്തുനിന്ന് ആർജെഡിയുടെ സുനിൽ കുമാർ സിംഗും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അധിക സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ ഇവർ വിജയിക്കും.
ആർഎൽഎം പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാമെന്ന ഉറപ്പിലാണ് മുൻപ് ഉപേന്ദ്ര കുശ്വാഹയ്ക്ക് രാജ്യസഭാ സീറ്റും മകന് മന്ത്രിസ്ഥാനവും നൽകിയതെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ലയനത്തിനില്ലെന്നാണ് കുശ്വാഹയുടെ നിലപാട്. എൻഡിഎയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കുശ്വാഹയുടെ കുടുംബവാഴ്ചയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. പാർട്ടിയുടെ നാല് എംഎൽഎമാരിൽ മൂന്ന് പേരും കുശ്വാഹയ്ക്കെതിരെ രംഗത്തുവന്നു. കുശ്വാഹ രാജ്യസഭയിലും, ഭാര്യ സ്നേഹലത കുശ്വാഹ എംഎൽഎയായും, മകൻ മന്ത്രിയായും തുടരുന്നതിനെതിരെ എംഎൽഎമാരായ അലോക് കുമാർ സിംഗ്, രാമേശ്വർ മഹ്തോ, മാധവ് ആനന്ദ് എന്നിവർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ബിജെപി നേതൃത്വവുമായി ചർച്ചയിലാണെന്നാണ് സൂചന. എംഎല്‍എയും എംഎല്‍സിയും അല്ലാതിരുന്നിട്ടും മകന്‍ ദീപക് പ്രകാശിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു മാസം മുമ്പ് ചില മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെ ഏഴ് ആർഎൽഎം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.
ബിഹാറിലെ പ്രമുഖ കുശ്വാഹ (ഒ.ബി.സി കൊയേരി) നേതാവായ ഉപേന്ദ്ര കുശ്വാഹ, ബിജെപി മറ്റൊരു കുശ്വാഹ നേതാവായ സമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കൊണ്ടുവന്നതോടെ മുന്നണിയിൽ നേരത്തെ തന്നെ ഒതുക്കപ്പെട്ടിരുന്നു. നിലവിലെ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ (243ൽ 202 എംഎൽഎമാർ) മുന്നണിയിൽ ശക്തമായി സമ്മർദ്ദം ചെലുത്താനുള്ള ശേഷിയും ഇപ്പോൾ കുശ്വാഹയ്ക്കില്ല.
നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്നു ഒരുകാലത്ത് കുശ്വാഹ, സ്വന്തമായി ഒരു രാഷ്ട്രീയ ഇടം കണ്ടെത്തണമെന്ന തന്റെ വ്യക്തിപരമായ രാഷ്ട്രീയ അഭിലാഷങ്ങളെത്തുടർന്നാണ് അദ്ദേഹവുമായി തെറ്റിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ ലോക് സമതാ പാർട്ടി(ആര്‍എല്‍എസ്പി) മത്സരിച്ച മൂന്ന് ലോക്‌സഭാ സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ, അതിനുശേഷമുള്ള ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, ഒരു പ്രത്യേക രാഷ്ട്രീയ ശക്തിയായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആര്‍എല്‍എസ്പിയാണ് പിന്നീട് ആര്‍എല്‍എം ആയി മാറിയത്.
Adjust Story Font
16
