'മോദിയും ഞാനും കാര്യങ്ങൾ ശരിയായി ചെയ്യുന്നവർ, ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തമാകും'; ഡോണൾഡ് ട്രംപ്
പശ്ചിമേഷ്യന്‍ യുദ്ധഭീതി അതിരൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ച നരേന്ദ്രമോദിയെ ട്രംപ് ഫോണില്‍ വിളിച്ചിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള യുഎസ് ബന്ധം കൂടുതല്‍ സുദൃഢമായി മുന്നോട്ടുപോകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശ്രമിച്ചെന്ന് ഇന്ത്യയിലെ യുഎസ് എംബസി എക്‌സില്‍ കുറിച്ചു. നേരത്തെ, മോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനവേളയില്‍ പകര്‍ത്തിയ ഇരുരാഷ്ട്രങ്ങളുടയും നേതാക്കളുടെ ചിത്രം പങ്കുവെച്ചാണ് പോസ്റ്റ്.
'ഇന്ത്യയോടൊത്തുള്ള നമ്മുടെ മഹത്തരമായ ബന്ധം കൂടുതല്‍ സുദൃഢമായി മുന്നോട്ടുപോകും. കാര്യങ്ങള്‍ ശരിയാംവണ്ണം മുന്നോട്ടുകൊണ്ട് പോകുന്നതില്‍ ഞാനും മോദിയും കാര്യമായി പരിശ്രമിച്ചിട്ടുണ്ട്. മിക്കവരെ കുറിച്ചും അങ്ങനെ പറയാനാകില്ല' ട്രംപിനെ ഉദ്ദരിച്ച് എംബസി എക്‌സില്‍ കുറിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യവും ഭൗമരാഷ്ട്രീയത്തിലെ മറ്റ് സംഘര്‍ഷങ്ങളും പരിഗണിച്ച് പരസ്പകരണ സഹകരണം അനിവാര്യമാണെന്നതില്‍ ഊന്നിക്കൊണ്ടായിരുന്നു ട്രംപിന്റെ സന്ദേശം.
പശ്ചിമേഷ്യന്‍ യുദ്ധഭീതി അതിരൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ച നരേന്ദ്രമോദിയെ ട്രംപ് ഫോണില്‍ വിളിച്ചിരുന്നു. സംഘര്‍ഷ സാഹചര്യങ്ങളെ കുറിച്ചും ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.
ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം അന്നാദ്യമായാണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ട്രംപ് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ പുരോഗതി വരുത്തുന്നതിനായി എന്തെല്ലാം ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചുവെന്നും മോദി എക്സില്‍ കുറിച്ചു.
'യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ പുരോഗതി വരുത്താന്‍ എന്തെല്ലാം ചെയ്യാമെന്നടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചു. സമാധാനത്തിനായി തുടക്കം മുതലേ നിലകൊണ്ട രാജ്യമാണ് ഇന്ത്യ. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ബന്ധം തുടരാമെന്ന് ഞങ്ങള്‍ സമ്മതിച്ചു'. മോദി പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസാരിച്ചെന്ന് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും സ്ഥിരീകരിച്ചിരുന്നു. 'അല്‍പ്പസമയങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടുന്നതിന്റെ അനിവാര്യതയടക്കം പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി'. ഗോര്‍ എക്സിലൂടെ അറിയിച്ചു.
Adjust Story Font
16

