ഖാഇദെ മില്ലത്തിന്റെ ഖബറിടത്തിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി

- Published:
5 Jun 2026 12:20 PM IST

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സന്ദർശനം നടത്തി പ്രാർത്ഥനകളിൽ പങ്കുചേർന്നു.
ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി ശബ്ദമുയർത്തിയ മഹാനായ നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലെന്നും തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി തമിഴ്‌നാട് സർക്കാർ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നെഞ്ചോട് ചേർത്തിട്ടുള്ളതെന്നും വീഡിയോ പങ്കുവെച്ച് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് ഈ ചടങ്ങിൽ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടർച്ച കൂടിയായി ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നു. മതേതരത്വവും പരസ്പര ബഹുമാനവും ഉയർത്തിപ്പിടിക്കുന്ന ഈ നിലപാടുകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാർട്ടിയുടെ തമിഴ്‌നാട് മന്ത്രി ആടുതുറൈ ഷാജഹാൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
Adjust Story Font
16
