സഖ്യകക്ഷികളെ ഉപയോഗിച്ച് സർക്കാരിന്റെ പിന്നിൽ നിന്ന് ചരടുവലിക്കാൻ സ്റ്റാലിൻ? ബാക്കപ്പ് പ്ലാനുമായി വിജയിയും
വളരെ നേരിയ ഭൂരിപക്ഷം മാത്രം കൈമുതലായുള്ള ഈ സർക്കാരിന്റെ നിലനിൽപ്പ് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്റെ താൽപ്പര്യങ്ങൾക്കും കൂടി വിധേയമായിരിക്കും എന്നതാണ് നിലവിലെ സാഹചര്യം

- Updated:
2026-05-12 08:16:15.0

'നിങ്ങൾക്ക് സർക്കാർ മാറണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു നേതാവിനെ തിരയരുത്, നിങ്ങൾ തന്നെ നേതാവാകുക,' 2018ൽ പുറത്തിറങ്ങിയ 'സർക്കാർ' എന്ന സിനിമയിൽ വിജയ് പറഞ്ഞ ഈ വാക്കുകൾ എട്ടു വർഷത്തിപ്പുറം യാഥാർഥ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത വിജയിക്ക് പക്ഷേ, തന്റെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണയെ അവസാന നിമിഷം ആശ്രയിക്കേണ്ടി വന്നു. വളരെ നേരിയ ഭൂരിപക്ഷം മാത്രം കൈമുതലായുള്ള ഈ സർക്കാരിന്റെ നിലനിൽപ്പ് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്റെ താൽപ്പര്യങ്ങൾക്കും കൂടി വിധേയമായിരിക്കും എന്നതാണ് നിലവിലെ സാഹചര്യം.
തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ വിജയിയുടെ ടിവികെക്ക് 120 പേരുടെ പിന്തുണയുണ്ട്. എന്നാൽ ഇതിൽ ടിവികെയുടെ സ്വന്തം എംഎൽഎമാർ 107 പേർ മാത്രമാണ്. ബാക്കിയുള്ളവർ കോൺഗ്രസ് (5), വിസികെ (2), ഐയുഎംഎൽ (2), ഇടത് പാർട്ടികൾ (4) എന്നിവരാണ്. ഇതിൽ കോൺഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ചെങ്കിലും, വിസികെയും ഇടതുപക്ഷവും ഇപ്പോഴും സ്റ്റാലിനോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. അതായത്, ഈ പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ വിജയ് സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകും. സ്റ്റാലിൻ ഇപ്പോഴും പരോക്ഷമായി ഭരണത്തിന്റെ നിയന്ത്രണം കയ്യിൽ വെച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
അധികാരമേറ്റ ശേഷം വിജയ് ആദ്യം ചെയ്തത് സ്റ്റാലിന്റെ വസതി സന്ദർശിക്കുക എന്നതായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ മുഖ്യമന്ത്രി മുൻഗാമിയെ ഉടൻ തന്നെ പോയി കാണുന്നത് അപൂർവ്വമായ കാഴ്ചയാണ്. ഭരണപരമായ വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധികളും മുന്നിൽ നിൽക്കുമ്പോൾ സ്റ്റാലിനെ പിണക്കാതെ മുന്നോട്ട് പോകാനുള്ള വിജയിയുടെ പക്വതയായി ഇതിനെ കാണാം. അതേസമയം, ഡിഎംകെ ഭരണകാലത്തെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയെ വിജയ് രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതിയില്ലാത്ത ഭരണം, സ്ത്രീ സുരക്ഷ, പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ എന്നിവയാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.
എഐഎഡിഎംകെയിലെ വിള്ളലും ടിവികെയുടെ രക്ഷാകവചവും
സ്റ്റാലിൻ ചരടുവലിച്ചാലും ടിവിക്ക് സർക്കാർ തളരാതിരിക്കാൻ ഒരു 'ബാക്കപ്പ് പ്ലാൻ' അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. എഐഎഡിഎംകെയിലുണ്ടായ പൊട്ടിത്തെറിയാണ് വിജയിക്ക് തുണയാകുന്നത്. പാർട്ടി അധ്യക്ഷനായ എടപ്പാടി പളനിസ്വാമിയോട് എതിർപ്പുള്ള എസ്.പി. വേലുമണിയുടെയും ഷൺമുഖത്തിന്റെയും നേതൃത്വത്തിലുള്ള ഒരു വിഭാഗം വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിക്കും. എഐഎഡിഎംകെയുടെ 47 എംഎൽഎമാരിൽ 30 ഓളം പേർ ഈ പുതിയ വിഭാഗത്തിനൊപ്പമാണ്. ബിജെപിയുമായോ ഡിഎംകെയുമായോ ഇനി സഖ്യമില്ലെന്നും വിജയിയുടെ ടിവികെയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഷൺമുഖം വ്യക്തമാക്കി കഴിഞ്ഞു.
നിലവിൽ 150 എംഎൽഎമാരുടെ പിന്തുണ വിജയിക്ക് അവകാശപ്പെടാമെങ്കിലും നാളെ (ബുധനാഴ്ച) നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിർണായകമാണ്. ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പൻമാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും എതിർത്ത് 'മൂന്നാം ബദൽ' ആയി വന്ന വിജയ്, അതേ പാർട്ടികളുടെ പിന്തുണയോടെ ഭരിക്കുന്നത് ജനങ്ങൾക്കിടയിൽ എങ്ങനെയുള്ള പ്രതിച്ഛായ ഉണ്ടാക്കുമെന്നത് കണ്ടറിയണം. എങ്കിലും, തൽക്കാലം തന്റെ സർക്കാരിനെ കാത്തുരക്ഷിക്കാൻ ആവശ്യമായ കരുനീക്കങ്ങൾ വിജയ് പൂർത്തിയാക്കി കഴിഞ്ഞു.
Adjust Story Font
16
