കർണാടകയിലെ തീരുമാനം അതീവശ്രദ്ധയോടെ; ഹൈക്കമാൻഡ് ഭയക്കുന്ന 'സിദ്ധു ഫാക്ടർ' എന്താണ് ?
രാഹുൽ ഗാന്ധി രാജ്യവ്യാപകമായി ഉയർത്തുന്ന ജാതി സെൻസസ്, സാമൂഹിക നീതി രാഷ്ട്രീയത്തിന് സിദ്ധരാമയ്യയെപ്പോലൊരു മുതിർന്ന പിന്നോക്കവിഭാഗ നേതാവിനെ ഡൽഹിയിൽ ആവശ്യമുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വാദം

- Published:
27 May 2026 7:15 PM IST

ബംഗലുരു: സാധാരണ പോലൊരു അധികാരതർക്കമായിരുന്നില്ല കോൺഗ്രസിനെ സംബന്ധിച്ച് കർണാടകയിലേത്. ഏതാണ്ട് തുല്യ ശക്തികൾ ഇരുപുറവും നിന്നുള്ള അധികാര വടം വലിയിൽ ആരെ പിണക്കിയാലും പാർട്ടിക്ക് അത് ദോഷം ചെയ്യുമെന്ന ധാരണ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നു. സംഘടനയെ ചലിപ്പിക്കാനും പ്രതിയോഗികളോട് നേരിട്ട് ഏറ്റുമുട്ടാനുമുള്ള കെൽപ്പാണ് ഡി.കെയുടെ പ്രത്യേകത.കർണാടകയിലെ അഹിന്ദ എന്ന വോട്ട് ബാങ്കും ജനപ്രിയതയും സെക്യുലർ പ്രതിച്ഛായയുമാണ് സിദ്ധരാമയ്യയുടെ ശക്തി. ഒരാളെ കൈവിട്ട് മറ്റൊരാളെ ചേർത്ത് നിർത്തിയാൽ പാർട്ടിക്കത് ദോഷം ചെയ്യും എന്ന കാര്യം തർക്കമില്ല. അതു കൊണ്ട് തന്നെ ഡി.കെയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സിദ്ധരാമയ്യെ അറിയിച്ചതും അതീവശ്രദ്ധയോടെയാണ്.
എന്താണ് ഹൈക്കമാൻഡ് ഭയക്കുന്ന ' സിദ്ധു ഫാക്ടർ '
സിദ്ധരാമയ്യയോട് ഡൽഹിക്ക് മാറാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. രാഹുൽ ഗാന്ധി രാജ്യവ്യാപകമായി ഉയർത്തുന്ന ജാതി സെൻസസ്, സാമൂഹിക നീതി രാഷ്ട്രീയത്തിന് സിദ്ധരാമയ്യയെപ്പോലൊരു മുതിർന്ന പിന്നോക്കവിഭാഗ നേതാവിനെ ഡൽഹിയിൽ ആവശ്യമുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വാദം. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് അത്ര പെട്ടെന്ന് തള്ളിക്കളയാൻ കഴിയുന്ന ഒരു സാധാരണ പ്രാദേശിക നേതാവല്ല സിദ്ധരാമയ്യ.
1. അഹിന്ദ സഖ്യത്തിന്റെ അനിഷേധ്യ നേതാവ്
കർണാടക രാഷ്ട്രീയത്തിൽ പിന്നോക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഒന്നിപ്പിച്ചു നിർത്തി സിദ്ധരാമയ്യ രൂപീകരിച്ച 'അഹിന്ദ' എന്ന സാമൂഹിക സഖ്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. 2005-ൽ ജെഡിഎസിൽ ആയിരിക്കുമ്പോൾ തന്നെ ഹുബ്ബള്ളിയിൽ വൻ അഹിന്ദ കൺവെൻഷൻ സംഘടിപ്പിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. എച്ച്.ഡി ദേവഗൗഡയുമായുള്ള ഭിന്നതയ്ക്കും പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിനും ഇത് കാരണമായി. പിന്നീട് 2006-ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഈ അഹിന്ദ സമവാക്യം ഉപയോഗിച്ച് പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് വിപുലമാക്കി. പിന്നോക്ക ജാതിയായ കുറുബ സമുദായത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. ജനസംഖ്യയുടെ ഏഴ് ശതമാനത്തിലേറെ ഈ സമുദായമാണ്. തീർന്നില്ല, ഒരു സമുദായത്തിന് അപ്പുറത്ത് എല്ലാ പിന്നോക്ക ജനവിഭാഗങ്ങളുടെയും അനിഷേധ്യ നേതാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
2. ജനപ്രിയത
സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തന ശൈലി, അവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ സിദ്ധരാമയ്യയുടെ ജനപ്രിയതയുടെ സൂത്രവാക്യം ഇതാണ്. ആദ്ദേഹം ആദ്യം മുഖ്യമന്ത്രിയായപ്പോൾ കൊണ്ടുവന്ന 'ഭാഗ്യ' ക്ഷേമ പദ്ധതികൾ വൻ വിജയമായിരുന്നു. രണ്ടാം തവണ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടി പദ്ധതികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു. ബിജെപി ഇതിനെ 'ജാതി പ്രീണന രാഷ്ട്രീയം' എന്ന് വിളിച്ച് വിമർശിക്കുമ്പോഴും, തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഇത് വലിയ നേട്ടമുണ്ടാക്കി. 2018-ലെ കടുത്ത രാഷ്ട്രീയ ധ്രുവീകരണ തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന്റെ വോട്ട് വിഹിതം 38 ശതമാനം നേടിയെടുക്കാൻ സിദ്ധരാമയ്യയുടെ ഈ പ്രതിച്ഛായയ്ക്ക് സാധിച്ചിരുന്നു. നിലവിൽ കോൺഗ്രസിനുള്ള 135 എംഎൽഎമാരിൽ ഭൂരിഭാഗത്തിന്റെയും, ശക്തരായ സമുദായ നേതാക്കളുടെയും പിന്തുണ 'സിദ്ധു'വിനാണ്. ഏതൊരു മന്ത്രിസഭാ പുനഃസംഘടനയിലും തങ്ങളുടെ അഹിന്ദ ബ്ലോക്കിന് ശക്തമായ പ്രാനിധ്യം വേണമെന്ന് ആവശ്യപ്പെടുന്ന 80-ലധികം എംഎൽഎമാരുടെ ശക്തമായ ഒരു നിര അദ്ദേഹത്തിനു പിന്നിലുണ്ട്.
3. മുൻകാല അനുഭവങ്ങൾ
സിദ്ധരാമയ്യയെപ്പോലൊരു ജനകീയ നേതാവിനെ പിണക്കിയാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് കോൺഗ്രസിന് വ്യക്തമായ ബോധ്യമുണ്ട്. സിദ്ധരാമയ്യ പുറത്തുപോയതോടെ ജെഡിഎസിന് കർണാടകത്തിലെ വലിയൊരു വിഭാഗം പിന്നോക്ക വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുകയും അവരൊരു വൊക്കലിഗ കേന്ദ്രീകൃത പ്രാദേശിക പാർട്ടി മാത്രമായി ചുരുങ്ങുകയും ചെയ്തു. അത്തരമൊരു സാഹചര്യം കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നില്ല. 2021-ൽ ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ലിംഗായത്ത് വോട്ടർമാർക്കിടയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയും കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സാമൂഹിക സഖ്യം ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി പോലും ആശ്രയിക്കുന്നത് സിദ്ധരാമയ്യയുടെ ഈ ഒബിസി പ്രതിച്ഛായയെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രി കസേര ഒഴിഞ്ഞാലും കർണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും സിദ്ധരാമയ്യ എന്ന പേര് ഒരു നിർണ്ണായക ശക്തിയായി തന്നെ തുടരും.
Adjust Story Font
16
