സഹോദരിയെ 'രണ്ടാം ഭാര്യയാക്കി'; 28 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ യുവതിയുടെ കടുംകൈ; ഒടുവില്‍ ട്വിസ്റ്റ്
കെട്ടിച്ചമച്ച കാരണങ്ങള്‍ കൊണ്ട് നേടിയെടുത്ത ഡിവോഴ്‌സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്

- Updated:
2026-04-27 06:22:17.0

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 28 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതിനായി ഭര്‍ത്താവിന്റെ സ്വന്തം സഹോദരിയെ അദ്ദേഹത്തിന്റെ രണ്ടാംഭാര്യയായി ചിത്രീകരിച്ച് യുവതി. താനറിയാതെ ഭര്‍ത്താവ് സ്വന്തം സഹോദരിയെ രഹസ്യമായി വിവാഹം കഴിച്ചെന്നും ഒരുമിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നും വാദിച്ച യുവതിക്ക് കോടതി വിവാഹമോചനം നല്‍കുകയും ചെയ്തു. തന്റെ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിവാഹമോചനം നല്‍കിയത് ചോദ്യംചെയ്ത ഭര്‍ത്താവ്, കെട്ടിച്ചമച്ച കാരണങ്ങള്‍ കൊണ്ട് നേടിയെടുത്ത ഡിവോഴ്‌സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
1988-ല്‍ ദാമ്പത്യജീവിതമാരംഭിച്ച ഇരുവര്‍ക്കുമിടയില്‍ 2015 മുതലാണ് വിവിധ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം. പിന്നാലെ, തനിക്ക് വിവാഹമോചനം വേണമെന്ന് യുവതി തീരുമാനമെടുക്കുകയായിരുന്നു. തന്റെ ഭര്‍ത്താവ് രഹസ്യമായി മറ്റൊരു വിവാഹം ചെയ്തിട്ടുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നെന്നും പറഞ്ഞ് 2021-ല്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് തെളിവായി ഭാര്യ സമര്‍പ്പിച്ചത് അദ്ദേഹത്തിന്റെ സഹോദരിയുമൊത്ത് നില്‍ക്കുന്ന കുടുംബഫോട്ടോ. ഫോട്ടോയില്‍ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സഹോദരി അയാളുടെ രണ്ടാംഭാര്യയാണെന്ന് വാദിക്കുകയും ചെയ്തു. ഈ ഫോട്ടോഗ്രാഫുകളെ മുന്‍നിര്‍ത്തി കുടുംബകോടതി അവരുടെ വാദങ്ങള്‍ ശരിവെക്കുകയും സ്ത്രീയെന്ന പരിഗണനയില്‍, ഭര്‍ത്താവിന്റെ വാദം കേള്‍ക്കാന്‍ തയ്യാറാകാതെ വിവാഹമോചനം നല്‍കുകയും ചെയ്തു.
ഏപ്രില്‍ ആദ്യവാരമാണ് ഭര്‍ത്താവ് വിവാഹമോചന വാര്‍ത്ത അറിയുന്നത്. കോടതി രേഖകള്‍ പരിശോധിച്ചപ്പോഴാണ് തന്റെ സഹോദരിയെ ഭാര്യയായി ചിത്രീകരിച്ച വിവരം അദ്ദേഹം തിരിച്ചറിയുന്നത്. വഞ്ചനയിലൂടെ നേടിയ വിവാഹമോചനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Adjust Story Font
16
