മരിച്ച റെയിൽവേ ജീവനക്കാരന്റെ പെൻഷൻ തട്ടാൻ ഭാര്യയായി ആൾമാറാട്ടം; യുപി സ്വദേശിനിയുടെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ...
ധർമേന്ദ്ര യാദവ് എന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

- Updated:
2026-01-30 08:43:38.0

ലഖ്നൗ: വിരമിച്ച റെയിൽവേ ജീവനക്കാരന്റെ ഭാര്യയായി ആൾമാറാട്ടം നടത്തി പെൻഷൻ തട്ടാൻ ശ്രമിച്ച സ്ത്രീക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ രസ്റയിലാണ് സംഭവം. പാർവതി ദേവിയെന്ന സ്ത്രീക്കെതിരെയാണ് കേസ്. ജീവനക്കാരനും ഭാര്യയും മരിച്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു അതേ സ്ത്രീയുടെ പേരിൽ പെൻഷൻ തട്ടിയെടുക്കാനുള്ള നീക്കം.
മാൽധാനിയെന്ന മുൻ റെയിൽവേ ജീവനക്കാരന്റെ ഭാര്യയെന്ന് പറഞ്ഞാണ് പാർവതി ദേവി പെൻഷൻ തട്ടാൻ ശ്രമിച്ചത്. റെയിൽവേയിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം പെൻഷൻ വാങ്ങിയിരുന്ന ഇദ്ദേഹം 2007 ആഗസ്റ്റ് 28നാണ് മരിക്കുന്നത്. ഇതിനു ശേഷം ഭാര്യ പ്രഭാവതി ദേവിയാണ് പെൻഷൻ കൈപ്പറ്റിയിരുന്നത്. എന്നാൽ ഏഴ് വർഷത്തിന് ശേഷം 2014 മാർച്ച് 21ന് പ്രഭാവതിയും മരിച്ചു.
തുടർന്ന്, മാൽധാനിയുടെ ബന്ധുക്കളിൽ ചിലർ പാർവതി ദേവിയെ പ്രഭാവതി ദേവി എന്ന പേരിൽ ഹാജരാക്കിയതായും സെൻട്രൽ ബാങ്കിന്റെ രസ്റ ശാഖയിൽ നിന്ന് പെൻഷൻ പിൻവലിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. ഇതറിഞ്ഞ ധർമേന്ദ്ര യാദവ് എന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സംഭവത്തിൽ, പാർവതി ദേവി, മാൽധാനിയുടെ ബന്ധുക്കൾ, രസ്റ ഡെവലപ്പ്മെന്റ് ബ്ലോക്കിലെ ചില ജീവനക്കാർ എന്നിവർക്കെതിരെ രസ്റ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും എസ്എച്ച്ഒ യോഗേന്ദ്ര ബഹാദുർ സിങ് പറഞ്ഞു.
Adjust Story Font
16
