Quantcast

വിവാഹത്തിന് രണ്ടാഴ്ച ബാക്കി; യൂത്ത് കോൺഗ്രസ് നേതാവിനെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി

ഏപ്രിൽ 24-ാം തീയതി വിവാഹം നടക്കാനിരിക്കവേയാണ് മരണം

MediaOne Logo
വിവാഹത്തിന് രണ്ടാഴ്ച ബാക്കി; യൂത്ത് കോൺഗ്രസ് നേതാവിനെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി
X

ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയായ ഫൈറോസ് പഠാനെ (32) ആണ് വീട്ടിൽ അതിക്രമിച്ചു കയറിയ നാലുപേരടങ്ങിയ സംഘം കൊന്നത്.

വെള്ളിയാഴ്ച രാത്രി ഹാഷ്മിനഗർ പ്രദേശത്തെ വീട്ടിൽ വച്ചാണ് സംഭവം. പ്രതികൾ ഫൈറോസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൻ്റെ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു.

കർണാടകയിലെ കർവാഡ് ജില്ലാ കോൺഗ്രസ് യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്നു ഫിറോസ് പഠാൻ. വരാന്തയിൽ ഇരിക്കുന്ന ഇയാളുടെ അരികിലേക്ക് നീലയും വെള്ളയും നിറങ്ങളിലുള്ള ചെക്ക് ഷർട്ട് ധരിച്ച ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറുന്നതും അതിനിടയിൽ, മറ്റ് രണ്ട് പുരുഷന്മാർ വന്ന് ഗേറ്റിന് പുറത്ത് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രവേശന കവാടത്തിൽ നിന്ന് ഫൈറോസ് ആരോടോ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചെക്ക് ഷർട്ട് ധരിച്ച ആൾ അയാളെ പിന്തുടരുകയും വയറ്റിൽ കുത്തുകയും ചെയ്യുകയായിരുന്നു. അകത്തേക്ക് ഓടിയ ഫൈറോസ് പഠാനെ അക്രമി പുറത്ത് കാത്തുനിന്ന മറ്റ് രണ്ട് പേരോടൊപ്പം പിന്തുടരുന്നു. അൽപസമയത്തിന് ശേഷം മറ്റൊരാളും അക്രമികളുടെ കൂട്ടത്തിലേക്ക് വന്നുചേർന്നു. പഠാന് കുത്തേറ്റതിന് ഏകദേശം 40 സെക്കൻഡുകൾക്ക് ശേഷം, നാല് അക്രമികളും ഒന്നിനു പുറകെ ഒന്നായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് കാണാം. മൃതദേഹം പിന്നീട് കിടപ്പുമുറിയിലെ തറയിലാണ് കണ്ടെത്തിയത്.

പഠാനും പ്രതികളും അടുത്ത ബന്ധമുള്ളവരാണെന്നും ഒരേ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെന്നും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതായും ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. ഏപ്രിൽ 24-ാം തീയതി വിവാഹം നടക്കാനിരിക്കവേയാണ് ഫൈറോസിന്റെ മരണം സംഭവിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story