'മനുഷ്യരെ വേർതിരിക്കുന്ന മനുസ്മൃതിയല്ല, രാജ്യം ഭരിക്കേണ്ടത് ഭരണഘടനയിലൂടെ'; ആർഎസ്എസ് ആസ്ഥാനത്ത് മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്
മല്ലികാർജുൻ ഖാർഗെക്ക് നേരെയുണ്ടായ ജാതീയധിക്ഷേപത്തിലാണ് പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെക്ക് നേരെയുണ്ടായ ജാതീയധിക്ഷേപത്തിലാണ് പ്രതിഷേധം. പ്രവർത്തകർ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചു.
മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും വേർതിരിക്കുന്ന മനുസ്മൃതിക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും, രാജ്യം അംബേദ്കറിന്‍റെ ഭരണഘടനയിലൂടെയാണ് ഭരിക്കപ്പെടേണ്ടതെന്നും വ്യക്തമാക്കിയാണ് പ്രവർത്തകരുടെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ നടത്തിയ പ്രതിഷേധമായതിനാൽ പൊലീസിന് കൃത്യസമയത്ത് സ്ഥലത്തെത്താൻ സാധിച്ചിരുന്നില്ല.
ഖാർഗെക്കെതിരായ അധിക്ഷേപത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എസ്സി/എസ്ടി വകുപ്പുകൾ പ്രകാരം കേസ് എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. വിഷയത്തിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ ആഗസ്റ്റ് ആദ്യവാരം ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന 'വിജയ് ശംഘനാഥ്' റാലിയെ ഖാർഗെ അഭിസംബോധന ചെയ്തിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 10ന് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതൃത്വത്തിൽ വേദിയിൽ ശുദ്ധീകരണ ഹവൻ നടത്തുകയായിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
Watch Video Report:
Adjust Story Font
16

