ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: സ്കൂൾ മാനേജർക്കെതിരെ കേസ്
അധ്യാപികയുടെ പരാതിയിൽ സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു.

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതിൽ സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിലെ മാനേജർ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അധ്യാപികയുടെ പരാതിയിൽ സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ സെക്യൂരിറ്റിയെ മാത്രം പ്രതി ചേർത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജർക്കെതിരെയും കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ചതിനായിരുന്നു സെക്യൂരിറ്റിക്കെതിരെ കേസ്. സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. അധ്യാപികയുടെ പരാതിയിൽ വനിതാ കമ്മീഷനും കേസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിർദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറഞ്ഞിരുന്നു.
തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാർ ധരിച്ച് സ്കൂളിലെത്തിയത്. ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപക മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
നേരത്തെയും ചുരിദാര്‍ ഇട്ട് വന്നിരുന്നുവെന്നും അന്നും തടഞ്ഞെന്നും അധ്യാപിക പറഞ്ഞു. സ്കൂളിലെ കുട്ടികള്‍ക്കുള്ള മുട്ടയുൾപ്പെടെ വാങ്ങി വരുമ്പോഴാണ് തന്നെ തടഞ്ഞത്. എയ്ഡഡ് സ്കൂളാണെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് മാനേജരുടെ നടപടിയെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

