സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടരും: സംഘടനാ തലത്തിലെ വീഴ്ചകൾ തുറന്നുകാട്ടുന്നില്ലെന്ന് അംഗങ്ങൾ; അജണ്ടകൾക്ക് ഇന്ന് അന്തിമ അംഗീകാരം നൽകും
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും വീഴ്ച ഉയർത്തിക്കാട്ടിയാണ് വിമർശനം

തിരുവനന്തപുരം: വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട മാർഗരേഖക്ക് അന്തിമരൂപം നൽകാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും തുടരും. സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ ഉയർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും വീഴ്ച ഉയർത്തിക്കാട്ടിയാണ് വിമർശനം. റിപ്പോർട്ടിൽ സംഘടനാ തലത്തിലെ വീഴ്ചകൾ തുറന്നുകാട്ടുന്നില്ലെന്ന് അംഗങ്ങൾ വിമർശനം ഉന്നയിച്ചു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിലെ വീഴ്ച ആർക്കെന്ന് റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കണം എന്ന അഭിപ്രായവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു.
പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾ കരട് മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയില്ലെന്ന വിമർശനവും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉയർത്തി. വീഴ്ചകൾ പൂർണമായും തുറന്നുകാട്ടി വേണം വിശാല കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട മാർഗ്ഗരേഖ എന്നും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി. മാർഗരേഖ ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. വിശാല സംസ്ഥാന കമ്മിറ്റിയുടെ അജണ്ടകൾക്കും ഇന്ന് അന്തിമ അംഗീകാരം നൽകും.
അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം ഉള്‍പ്പെടുത്താതെയാണ് കരട് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി ഉന്നയിക്കാനും സാധ്യതയുണ്ട്. സിപിഎമ്മില്‍ നേതൃമാറ്റമുണ്ടാകുമെന്നത് പത്രങ്ങളും മാധ്യമങ്ങളും സൃഷ്ടിച്ച അജണ്ടയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചിരുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. അഖിലേന്ത്യ-സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ കണ്ടെത്തിയ പോരായ്മകള്‍ തിരുത്തും. അതിനുള്ള ഭാവി പ്രവര്‍ത്തന പരിപാടികളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ആവിഷ്‌കരിക്കുകയെന്നും എം.എ ബേബി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

