Quantcast

'കത്രിക കുടുങ്ങിയത് എവിടെ നിന്നെന്ന് കണ്ടെത്തും, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്': ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-03-04 14:17:26.0

Published:

4 March 2023 12:10 PM GMT

veena george_harshina protest
X

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക എവിടെ നിന്നെന്ന് കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമരപ്പന്തലിലെത്തി ഹർഷിനയെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

"താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രണ്ട് ശസ്‌ത്രക്രിയയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നുമാണ് ഹർഷിന നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഒരു ദിവസം കത്രിക ഉള്ളിൽ വെച്ച് ജീവിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഹർഷിന അനുഭവിച്ച വേദന ഉൾക്കൊണ്ടുകൊണ്ടാണ് ആദ്യത്തെ അന്വേഷണം പ്രഖ്യാപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ല. എത്ര വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയ ആണെങ്കിലും മൂന്നും നടന്നിരിക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനാൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തും"; വീണാ ജോർജ് പറഞ്ഞു.

കത്രികയുടെ കാലപ്പഴക്കം കേരളത്തിലെ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി. അന്വേഷണം ഫലപ്രദമായി നടക്കുമെന്നും ഹർഷിനക്ക് നീതി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാഴ്ചയാണ് മന്ത്രി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുന്നതായി ഹർഷിന അറിയിച്ചു. എന്നാൽ, സത്യം സമൂഹത്തിന് ബോധ്യപ്പെടുന്നത് വരെ കേസ് പിൻവലിക്കില്ലെന്നും ഹർഷിന വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഹർഷിനയുമായി മന്ത്രി ചർച്ച നടത്തിയത്. സർക്കാർ ഹർഷിനക്കൊപ്പമാണെന്ന് മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ ഹർഷിന തീരുമാനിച്ചത്.

TAGS :

Next Story