Quantcast

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ.പി ജയരാജനെതിരെ കേസെടുത്തു

ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-07-20 17:24:44.0

Published:

20 July 2022 2:43 PM GMT

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ.പി ജയരാജനെതിരെ കേസെടുത്തു
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുത്തു. 120 (ബി), 307, 308, 506 എന്നീ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൺമാൻ അനിൽ കുമാർ, പി.എ സുനീഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹരജിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നത്. വിമാനത്തിൽ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോടതിയിൽ ഹരജി നൽകിയത്.

എന്നാൽ കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് സ്വാഭാവിക നടപടിയാണെന്നും, ഇത് തനിക്കും പാർട്ടിക്കുമേറ്റ തിരിച്ചടിയാണെന്നുള്ളത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയാരജൻ പ്രതികരിച്ചു. പിണറായിയെ കൊല്ലാൻ വാടക കൊലയാളികളെ അയച്ചവരാണ് കോൺഗ്രസ് നേതാക്കളെന്നും, കോൺഗ്രസുകാർ നിരാശരായി കോടതിക്ക് ചുറ്റും നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർ തനിക്കെതിരെ കേസെടുക്കണം എന്ന് മാത്രം അല്ല, കൊല്ലണം എന്ന് പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ഇൻഡിഗോ അന്വേഷണ കമ്മീഷൻ നിലവാരം ഇല്ലാത്തതതാണ്. അതുകൊണ്ടാണ് തനിക്ക് എതിരെ റിപ്പോർട്ട് നൽകിയതെന്നും തങ്ങൾ ശരിമാത്രമാണ് ചെയ്തതെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.

അത് കൊണ്ട് ഭയമില്ല, കേസ് അന്വേഷിക്കാൻ ഉത്തരവിടേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് തന്നെ കൊല്ലാൻ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'എന്റെ പേരിൽ കേസെടുക്കണമെന്ന് മാത്രമല്ല, എന്നെ കൊല്ലാൻ നടക്കുന്നവരല്ലേ അവർ. അങ്ങനെയുള്ള ഒരു കൂട്ടർ, അവരിൽ നിന്ന് നമ്മൾ വേറെയൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്നെ വണ്ടിയിൽ വെടിവയ്ക്കാൻ വേണ്ടി വാടകക്കൊലയാളികളെ അയച്ചു. യഥാർത്ഥത്തിൽ ഒന്നാമത്തെ ലക്ഷ്യം ഞാനായിരുന്നില്ല. മുഖ്യമന്ത്രിയെ വധിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനാണ് വാടകക്കൊലയാളികളെ പണം കൊടുത്ത് ഡൽഹിയിൽ കൊണ്ടുപോയത്. പാർട്ടി കോൺഗ്രസിന് പോകുമ്പോൾ പിണറായിയും ഞങ്ങളും ഒരുമിച്ചായിരുന്നു. തിരിച്ചുവരുമ്പോൾ ഡൽഹിയിൽനിന്ന് അദ്ദേഹം വേറെ വഴിക്കു വന്നു. ഞങ്ങൾ ട്രയിനിനു വന്നു. ഞങ്ങളെല്ലാം ട്രയിനിലുണ്ട് എന്നു കരുതിയാണ് കൊലയാളികൾ കയറിയത്. പൊലീസിട്ട എഫ്.ഐ.ആറിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story