Quantcast

'ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികൾ'; വിവാദ കുറിപ്പുമായി പി ശ്രീരാമകൃഷ്ണൻ

ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണെന്നും എന്നാൽ അതിന്റെ പേരിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശമെന്നും ശ്രീരാമകൃഷ്ണൻ

MediaOne Logo

Web Desk

  • Updated:

    2023-10-13 19:31:58.0

Published:

13 Oct 2023 7:12 PM GMT

CPM leader P Sreeramakrishnan with controversial note on Israel-Palestine war
X

ഇസ്രായേൽ - ഫലസ്തീൻ യുദ്ധത്തിൽ വിവാദ കുറിപ്പുമായി സിപിഎം നേതാവ് പി ശ്രീരാമകൃഷ്ണൻ. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ പിഞ്ചുകുട്ടികളുടെ തലയറുക്കപ്പെട്ടുവെന്ന വ്യാജ ആരോപണമാണ് മുൻ സ്പീക്കർ ഫേസ്ബുക്ക് കുറിപ്പിൽ പ്രയോഗിച്ചിരിക്കുന്നത്. 'കൂട്ടക്കുരുതിയുടെ പിന്നാമ്പുറങ്ങൾ' എന്ന പേരിലാണ് കുറിപ്പ്. കുഞ്ഞുങ്ങളുടെ തലയറുക്കപ്പെട്ടുവെന്ന ആരോപണം ഇസ്രായേൽ ഭരണകൂടം പോലും സ്ഥിരീകരിച്ചിട്ടില്ല.

'ഓരോ ശിശുരോദനത്തിലും.. കേൾപ്പൂ ഞാൻ... ഒരു കോടിയീശ്വരവിലാപം' എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യിൽ അന്വർത്ഥമാവുകയാണ്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികൾ, ഗാസയിലെ ഇസ്രായേൽ ബോംബിങ്ങിൽ കൈകാലുകൾ ചിതറപ്പെട്ട കുഞ്ഞുങ്ങൾ... 'കണ്ണേ മടങ്ങുക' എന്നല്ലാതെ ഹൃദയമുള്ള മനുഷ്യർക്ക് ഒന്നും പറയാനില്ലാത്ത നിസ്സഹായത. ചോരപ്പുഴ ഒഴുകുകയാണ്... ആകാശവും ഭൂമിയും മനുഷ്യരുടെ ദീനരോദനങ്ങളാൽ മുഖരിതമാണ്. അവസാനിപ്പിക്കണം ഈ ചോരക്കളി...' ശ്രീരാമകൃഷ്ണൻ എഫ്ബി കുറിപ്പിൽ പറഞ്ഞു.

ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണെന്നും എന്നാൽ അതിന്റെ പേരിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശമെന്നും കുറിപ്പിൽ ചോദിച്ചു.

12 ദശാബ്ദങ്ങളായി സയണിസ്റ്റ് കടന്നാക്രമാണങ്ങളിൽ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ട ഫലസ്തീനികൾ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാർഗത്തിൽ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കുമെന്നും പറഞ്ഞു. ഫലസ്തീന്റെ മണ്ണിൽ യാങ്കി-സയണിസ്റ്റ് അച്ചുതണ്ട് അഴിച്ചുവിട്ട 'സ്റ്റേറ്റ് ഭീകരത'യെ പിന്തുണച്ചവരാണ് ഇപ്പോൾ ഹമാസിനെ പഴിക്കുന്നതെന്നും ഇത് ന്യായമല്ലെന്നും കുറിപ്പിൽ പറഞ്ഞു. ജൂതരുടെ പ്രാർത്ഥനാ ദിനത്തിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും ഇതിനകം 3000 ത്തോളം ജീവനെടുത്തു കഴിഞ്ഞുവെന്നും കുറിപ്പിൽ പറഞ്ഞു.

പി ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂർണ രൂപം:

കൂട്ടക്കുരുതിയുടെ പിന്നാമ്പുറങ്ങൾ

ഇസ്രായേൽ-ഹമാസ് സംഘർഷം കൂട്ടക്കുരുതിയുടെ അഗ്നി മുഖം തുറന്നു കഴിഞ്ഞു. ഒക്ടോബർ 7 ശനിയാഴ്ച, ജൂതരുടെ പ്രാർത്ഥനാ ദിനത്തിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും ഇതിനകം 3000 ത്തോളം ജീവനെടുത്തു കഴിഞ്ഞു. സമസ്ത നിർമ്മിതികളും പൊടിയാക്കി മാറ്റുന്ന അത്യുഗ്രസ്ഫോടനങ്ങൾ മാത്രമാണ് ഗാസയിൽ നിന്ന് കേൾക്കുന്നത്. കൂടെ നിരാലംബരായ ലക്ഷക്കണക്കിന് കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ, ആലംബഹീനരുടെ നിർത്താത്ത വിലാപങ്ങളും. വ്യോമാക്രമണത്തോടൊപ്പം ഇസ്രായേൽ പ്രഖ്യാപിച്ച വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയടക്കം നിരോധിച്ചുകൊണ്ടുള്ള സമഗ്ര ഉപരോധം കൂടിയായപ്പോൾ 20 ലക്ഷത്തിലധികം വരുന്ന ഗാസയിലെ സാധാരണ മനുഷ്യർ മരണ വക്ത്രത്തിലാണ്.

'ഓരോ ശിശുരോദനത്തിലും

കേൾപ്പൂ ഞാൻ

ഒരു കോടിയീശ്വരവിലാപം'

എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യിൽ അന്വർത്ഥമാവുകയാണ്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികൾ, ഗാസയിലെ ഇസ്രായേൽ ബോംബിങ്ങിൽ കൈകാലുകൾ ചിതറപ്പെട്ട കുഞ്ഞുങ്ങൾ... 'കണ്ണേ മടങ്ങുക' എന്നല്ലാതെ ഹൃദയമുള്ള മനുഷ്യർക്ക് ഒന്നും പറയാനില്ലാത്ത നിസ്സഹായത. ചോരപ്പുഴ ഒഴുകുകയാണ്... ആകാശവും ഭൂമിയും മനുഷ്യരുടെ ദീനരോദനങ്ങളാൽ മുഖരിതമാണ്. അവസാനിപ്പിക്കണം ഈ ചോരക്കളി...

ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണ്. എന്നാൽ അതിൻറെ പേരിൽ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശം? കഴിഞ്ഞ 12 ദശാബ്ദങ്ങളായി സയണിസ്റ്റുകൾ നടത്തുന്ന നിരന്തര കടന്നാക്രമാണങ്ങളിൽ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ട പാലസ്തീനികൾ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാർഗത്തിൽ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കും. പാലസ്തീന്റെ മണ്ണിൽ യാങ്കി-സയണിസ്റ്റ് അച്ചുതണ്ട് അഴിച്ചുവിട്ട 'സ്റ്റേറ്റ് ഭീകരത'യെ സർവ്വാത്മനാ പിന്തുണച്ചവരാണ് ഇപ്പോൾ ഹമാസിനെ പഴിക്കുന്നത്. ഇത് ന്യായമല്ല.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമായ, ഇപ്പോഴും തുടരുന്ന ദേശീയ സ്വാതന്ത്ര്യസമരമാണ് പാലസ്തീനികളുടേത്. സയണിസ്റ്റ് അധിനിവേശത്തിൽ സർവ്വവും നഷ്ടപ്പെട്ടിട്ടും അവശേഷിച്ച ഭൂപ്രദേശത്തെങ്കിലും (ഗാസ, വെസ്റ്റ് ബാങ്ക്) ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച് അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പാലസ്തീനികളുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ നിരന്തരം ചവിട്ടി തേയ്ക്കുന്ന ഇസ്രായേലാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ മൂല കാരണം.

സാധാരണ മനുഷ്യർക്ക് നേരെയുള്ള യുദ്ധം ഇസ്രായേൽ ഉടനടി അവസാനിപ്പിക്കണം. പാലസ്തീന്റെ ദേശീയ കവി ദർവീഷ് പാടിയത് പോലെ "അവസാനത്തെ അതിർത്തിയും കടന്ന്

ഞങ്ങളെങ്ങോട്ട് പോകാനാണ്

അവസാനത്തെ ആകാശവും കടന്ന്

പറവകൾ എങ്ങോട്ട് പറക്കാനാണ്"

പാലസ്തീനികൾക്ക് പാർക്കാൻ ഈ മണ്ണല്ലാതെ എന്താണ് ബാക്കിയുള്ളത്. പാലസ്തീൻ സ്വതന്ത്രമാകുന്ന നിമിഷങ്ങളാണ് ലോക ജനത സ്വപ്നം കാണുന്നത്

CPM leader P Sreeramakrishnan with controversial note on Israel-Palestine war

TAGS :

Next Story