Quantcast

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിന് എൽഡിഎഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നത്: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്

നേമത്ത് എസ്ഡിപിഐ മത്സരിക്കുന്നില്ല. പല മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാർഥിത്വത്തിന്റെ ഗുണഭോക്താവായി വരുന്നത് എൽഡിഎഫ് ആണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു

MediaOne Logo
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിന് എൽഡിഎഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നത്: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്
X

കോട്ടയം: മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിത്വത്തിന് എൽഡിഎഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർത്തിയപ്പോൾ പാലക്കാട് നിർത്തിയിട്ടില്ല. ഇതിലൂടെ യുഡിഎഫിന്റെ രണ്ട് സീറ്റ് കുറയ്ക്കാനാവുമെന്നാണ് എൽഡിഎഫ് കരുതുന്നത്. നേമത്ത് എസ്ഡിപിഐ മത്സരിക്കുന്നില്ല. പല മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാർഥിത്വത്തിന്റെ ഗുണഭോക്താവായി വരുന്നത് എൽഡിഎഫ് ആണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറും. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ മീഡിയവണിനോട് പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016-ൽ 75 വോട്ടിനും 2021ൽ 745 വോട്ടിനുമാണ് യുഡിഎഫ് മഞ്ചേശ്വരത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എസ്ഡിപിഐക്ക് എതിരെ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്ഡിപിഐ തീരുമാനിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ശക്തമാവുകയാണ്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ എസ്ഡിപിഐയുടെ സ്ഥാനാർഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും അത് ഡീലിന്റെ ഭാഗമാണെന്നും യുഡിഎഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. ബിജെപിക്ക് ഗുണം ചെയ്യും എന്ന കാരണത്താൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. എന്നാൽ, ഇത്തവണ എന്തുകൊണ്ട് ആ സമീപനം സ്വീകരിച്ചില്ല എന്നാണ് യുഡിഎഫ്, ലീഗ് നേതാക്കാൾ ചോദിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഷ്‌റഫ് ബഡാജെ എന്ന പേരിൽ മത്സരിച്ച എസ്ഡിപിഐയുടെ ജില്ലാ കമ്മറ്റിയംഗമാണ് ഇത്തവണ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി വരുന്നത്. എന്നാൽ, അഷ്‌റഫ് ബഡാജെ എന്ന പേര് മാറ്റി കെ.എം അഷ്‌റഫ് എന്ന പേരിലാണ് മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ എ.കെ.എം അഷ്‌റഫിന്റെ പേരിനോട് സമാനമായ നാമം സ്വീകരിച്ച് മത്സരിക്കുന്നതും ഈ ധാരണയുടെ ഭാഗമായാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

എസ്ഡിപിഐ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ വലിയ തോതിലുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തങ്ങളുടെ സ്ഥാനാർഥികളെ ബിജെപിയോടൊപ്പം ചേർന്ന് യുഡിഎഫ് പരാജയപ്പെടുത്തി എന്ന ആക്ഷേപം മഞ്ചേശ്വരത്തെ എസ്ഡിപിഐ പ്രവർത്തകർക്കുണ്ട്. അതിനാൽ യുഡിഎഫുമായോ ലീഗുമായോ ഏതെങ്കിലും നിലക്കുള്ള രാഷ്ട്രീയ സഹകരണം അസാധ്യമാണ് എന്ന വികാരം പ്രാദേശികമായി എസ്ഡിപിഐ പ്രവർത്തകർക്കിടയിൽ ശക്തമാണ്. മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർത്തുന്നതിൽ പ്രധാന ഘടകമായത് ഈ പ്രാദേശിക വികാരമാണ്.

എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ അത് മണ്ഡലത്തിന് പുറത്തേക്ക് വികസിച്ച് സംസ്ഥാനതലത്തിൽ തന്നെ രാഷ്ട്രീയ ചർച്ചയായി. മുസ്‌ലിം ലീഗ് എന്ന ന്യൂനപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ തോൽവിക്കും ബിജെപി എന്ന ഫാസിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ വിജയത്തിനും എസ്ഡിപിഐയുടെ സ്ഥാനാർഥിത്വം കാരണമായാൽ അത് എങ്ങനെ രാഷ്ട്രീയമായി വിശദീകരിക്കും എന്ന ചോദ്യം എസ്ഡിപിഐ നേതൃത്വത്തിന് മുമ്പിൽ ഉയർന്നു വന്നു. 'ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കേണ്ട ബാധ്യത ഒന്നാമതാണ്' എന്ന് എസ്ഡിപിഐയുടെ മുൻ സംസ്ഥാന അധ്യക്ഷൻ മുവാറ്റുപുഴ അഷ്‌റഫ് മൗലവി തന്നെ പരസ്യമായി ഫേസ്ബുക്കിൽ കുറിച്ചു. അഷ്‌റഫ് മൗലവി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർത്തുന്നതിനോടുള്ള തന്റെ ശക്തമായ എതിർപ്പ് പാർട്ടിക്കുള്ളിൽ ഉയർത്തിയിട്ടുണ്ട്.

TAGS :

Next Story