Quantcast

ഏഷ്യാ കപ്പ്; ആദ്യ രണ്ട് കളികളില്‍ രാഹുല്‍ ഔട്ട്... സഞ്ജുവിന് സാധ്യത

രാഹുലിന്‍റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-29 09:27:27.0

Published:

29 Aug 2023 9:21 AM GMT

KL Rahul, ruled out,Asia Cup ,Pakistan, Nepal,India, head coach ,Rahul Dravid,sanju samson
X

രാഹുല്‍ ദ്രാവിഡും കെ.എല്‍ രാഹുലും

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ശനിയാഴ്ച നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിലും ഗ്രൂപ്പ് ഘട്ടത്തിലെ നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും കെ.എല്‍ രാഹുല്‍ ഉണ്ടാകില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചത്. ഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് രാഹുലിന് വിനയായത്.

രാഹുലിന്‍റെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടെങ്കിലും വരുന്ന ദിവസങ്ങളില്‍ എന്‍.സി.എയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ നിരീക്ഷിച്ച ശേഷം മാത്രമേ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നും ദ്രാവിഡ് പറഞ്ഞു. ''സെപ്റ്റംബര്‍ നാലിന് വീണ്ടും രാഹുലിന്‍റെ ഫിറ്റ്നസ് പരിശോധിക്കും, അതിന് ശേഷമാകും ടൂര്‍ണമെന്‍റിലെ രാഹുലിന്‍റെ ടീമിലെ സ്ഥാനം സംബന്ധിച്ച കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ...''. ബെംഗളൂരുവിലെ ടീം ഇന്ത്യയുടെ ട്രെയിനിങ് ക്യാമ്പിലെ അവസാന സെഷന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ദ്രാവിഡ്.

രാഹുലിന്‍റെ ടീമിലെ സ്ഥാനം ത്രിശങ്കുവിലായതോടെ മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പില്‍ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. രാഹുലിന്‍റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഏതെങ്കിലും ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യതയുണ്ട്. എങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷന് തന്നെയാകും പ്ലേയിങ് ഇലവനില്‍ പ്രഥമ പരിഗണന.

അതേസമയം ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി സെപ്റ്റംബർ അഞ്ചാണ്. എന്നാല്‍ സമയപരിധി പൂര്‍ത്തിയാകുന്നതിന് രണ്ട് ദിവസം മുന്‍പ് ടീം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കഴിഞ്ഞിട്ടാകും ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം. പാകിസ്താനുമായാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കഴിഞ്ഞ് അടുത്ത് ദിവസം (സെപ്റ്റംബര്‍ 3ന്) ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പ്രഖ്യാപിക്കുന്ന സ്ക്വാഡില്‍ ലോകകപ്പ് ഉദ്ഘാടനത്തിന് ഏഴു ദിവസം മുമ്പ് വരെ (സെപ്റ്റംബർ 28നകം) ടീമുകള്‍ക്ക് മാറ്റം വരുത്താനാകും. ഏഷ്യാ കപ്പിന് ശേഷം സെപ്റ്റംബർ 21 മുതൽ 27 വരെ ഇന്ത്യക്ക് ഓസ്‌ട്രേലിയുമായും ഏകദിന പരമ്പരയുണ്ട്. ഏഷ്യാ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനവും കൂടി കണക്കാക്കിയാകും ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം.

TAGS :

Next Story