ഗസ്സയിൽ ദിവസവും 10മണിക്കൂർ വെടിനിർത്തൽ; ആഗോള സമർദത്തിന് വഴങ്ങി ഇസ്രായേൽ
രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്

ഗസ്സയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ വീതം ആക്രമണം നിർത്തിവെക്കുമെന്ന് ഇസ്രായേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗസ്സ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗസ്സയിൽ വ്യാപകമായ പട്ടിണി മരണത്തിനെതിരെ അന്താരാഷ്ട്ര സമ്മർദം ശക്തമായതിന് പിന്നാലെയാണ് ഇസ്രായേൽ നടപടി.
അതേസമയം,ഗസ്സയില്‍ പട്ടിണിബാധിച്ച് കൊല്ലപ്പെടുന്നവർ കൂടിയതോടെ, ആഗോള സമ്മർദത്തിന് വഴങ്ങി ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ ഇസ്രായേൽ തയ്യാറായിരുന്നു. അതിനിടെ, ഞായറാഴ്ച പുലർച്ചെ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 15 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നും അഞ്ച് പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തു. സഹായകേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 42 പേരാണ് കൊല്ലപ്പെട്ടത്.
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ നിന്നുള്ള ഹൃദയഭേദക ചിത്രങ്ങൾ ലോകത്തിന്‍റെ നോവായി മാറുകയും യൂറോപ്യൻ രാജ്യങ്ങളും മറ്റും ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തതോടെയാണ് ഉപരോധത്തിൽ നേരിയ മാറ്റം വരുത്താൻ ഇസ്രായേൽ തയാറായത്.
ഇതിന്‍റെ ഭാഗമായി വിമാനമാർഗം ഭക്ഷ്യകിറ്റുകൾ ഡ്രോപ്പ് ചെയ്യാനും ചുരുക്കം കേന്ദ്രങ്ങളിൽ ഭക്ഷ്യവിതരണത്തിന് 'യുനർവ'യെ അനുവദിക്കാനും തീരുമാനിച്ചതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ കരമാർഗം വിപുലമായ സഹായം ഗസ്സയിൽ എത്തിക്കുകയാണ് വേണ്ടതെന്ന് യു.എൻ ആവശ്യപ്പെട്ടു. എന്നാല്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്രയേലിന്‍റേതെന്നാണ് ഹമാസ് പറയുന്നത്.
അതിനിടെ, കടൽമാർഗ്ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഹൻദല ഫ്രീഡം ഫ്ലോട്ടില്ല ബോട്ട് ഇസ്രായേൽ പിടിച്ചെടുത്തതായി ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്‌എഫ്‌സി) അറിയിച്ചു. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ചാണ് ഹൻദല കപ്പൽ തടഞ്ഞത്. ആയുധധാരികളായ നിരവധി സൈനികർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ബന്ദികളാക്കിയതായും എഫ്‌എഫ്‌സി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11:43 ന് ഇസ്രായേൽ സൈന്യം കപ്പലിലെ ക്യാമറകൾ വിച്ഛേദിച്ചതിനെത്തുടർന്ന് ഹൻദലയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടതായി എഫ്‌എഫ്‌സി അറിയിച്ചു.
Adjust Story Font
16

