'വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലും ഡ്രോൺ ആക്രമണത്തിലൂടെ കൊല്ലുന്നു'; ഗസ്സയിൽ പ്രതിദിനം ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് യൂണിസെഫ്
യുദ്ധമുഖത്ത് വെച്ചല്ല, മറിച്ച് സ്വന്തം വീടുകളിൽ കഴിയുമ്പോഴും, സ്‌കൂളുകളിലും, ഫുട്‌ബോൾ കളിക്കുന്നതിനിടയിലും, മീൻ പിടിക്കുന്നതിനിടയിലുമാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യൂണിസെഫ് റിപ്പോർട്ട് പറയുന്നു

- Published:
20 Jun 2026 8:07 AM IST

ഗസ്സ: വെടിനിർത്തലിനിടയിലും ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്രായേൽ. കരാറിന് പുല്ലുവില കൽപ്പിച്ച് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് ഇസ്രായേൽ തുടരുകയാണ്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷവും പ്രതിദിനം ശരാശരി ഒരു ഫലസ്തീൻ കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യൂണിസെഫ് വെളിപ്പെടുത്തി. ഔദ്യോഗികമായി യുദ്ധം നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലും കുരുന്നുകളുടെ ജീവൻ പൊലിയുന്നത് ആഗോള സമൂഹത്തിന്റെ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 2025 ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിലൂടെയാണ് 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ വംശഹത്യക്ക് താത്കാലിക ശമനമുണ്ടായത്.
രണ്ട് വർഷത്തോളം നീണ്ടുനിന്ന ബോംബാക്രമണങ്ങൾക്കും കടുത്ത മാനുഷിക പ്രതിസന്ധികൾക്കും താൽക്കാലിക ആശ്വാസമാകും ഈ കരാറെന്നായിരുന്നു ലോകം കരുതിയത്. എന്നാൽ ഈ സമാധാന കാലയളവ് ഗസ്സയിലെ സാധാരണക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് സുരക്ഷിതത്വം നൽകിയിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷം കഴിഞ്ഞ എട്ട് മാസത്തിനിടെ 265 ഫലസ്തീൻ കുട്ടികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ട് മാസത്തിലേറെയായി പ്രതിദിനം ശരാശരി ഒരു കുട്ടി വീതം ഇസ്രായേൽ ആക്രമണങ്ങളിൽ ഇല്ലാതാകുന്നു. ഇതേ കാലയളവിൽ നാനൂറിലധികം കുട്ടികൾക്ക് കഠിനമായ പരിക്കേൽക്കുകയോ കൈകാലുകൾ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.
യുദ്ധമുഖത്ത് വെച്ചല്ല, മറിച്ച് സ്വന്തം വീടുകളിൽ കഴിയുമ്പോഴും, സ്‌കൂളുകളിലും, ഫുട്‌ബോൾ കളിക്കുന്നതിനിടയിലും, മീൻ പിടിക്കുന്നതിനിടയിലുമാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യൂണിസെഫ് റിപ്പോർട്ട് പറയുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രായേൽ സൈന്യം ഗസ്സയിൽ ആക്രമണങ്ങൾ തുടരുകയാണെന്ന് യൂണിസെഫ് ആരോപിക്കുന്നു. തങ്ങളുടെ അധീനതയിലുള്ള അതിർത്തി രേഖകൾ ഇസ്രായേൽ ക്രമേണ വ്യാപിപ്പിക്കുകയാണെന്നും അതിർത്തിക്ക് സമീപം എത്തുന്ന സാധാരണക്കാർക്ക് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ടാങ്ക് ഷെല്ലാക്രമണങ്ങൾ, യുദ്ധവിമാനങ്ങളിൽ നിന്നുള്ള ബോംബുകൾ എന്നിവയ്ക്ക് പുറമേ അത്യാധുനിക ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ച് വീടുകൾക്കുള്ളിൽ കഴിയുന്ന കുട്ടികളെപ്പോലും ലക്ഷ്യമിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ കൊല്ലപ്പെടുന്നത് തുടരുമ്പോൾ ഒരു വെടിനിർത്തലിനെയും അർത്ഥപൂർണമെന്ന് വിളിക്കാനാകില്ല എന്ന് യൂണിസെഫ് വക്താവ് വ്യക്തമാക്കി. കുട്ടികളുടെ മരണം അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സാക്ഷിക്കേറ്റ കടുത്ത മുറിവാണെന്നും യുഎൻ ചൂണ്ടിക്കാട്ടി. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെടുകയും 3,100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വംശഹത്യ തുടരുകയാണെന്ന് അവർ ആരോപിക്കുന്നു. ഔദ്യോഗിക കരാറുകൾ പാലിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ഹമാസ് പൊരാളികൾ ജനവാസമേഖലകളും താൽക്കാലിക ടെന്റുകളും കേന്ദ്രീകരിച്ച് ഒളിച്ചിരിക്കുന്നതിനാലാണ് സൈനിക ജാഗ്രത തുടരേണ്ടി വരുന്നതെന്നാണ് ഇസ്രായേൽ അനുകൂല കേന്ദ്രങ്ങളുടെ വിശദീകരണം. ഫലസ്തീൻ ഭാഗത്തുനിന്നുള്ള റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങൾക്കെതിരെയുള്ള സ്വയംരക്ഷ മാത്രമാണ് ഇതെന്നും അവർ വാദിക്കുന്നു.
സൈനിക ആക്രമണങ്ങൾക്ക് പുറമേ കടുത്ത ഉപരോധവും നിയന്ത്രണങ്ങളും ഗസ്സയിലെ കുട്ടികളുടെ ജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കാരണം അത്യാവശ്യ മരുന്നുകൾ പോലും ഗസ്സയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരിക്കേറ്റ നൂറുകണക്കിന് കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയകളോ മെഡിക്കൽ ഐസൊലേഷനോ ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ അണുബാധയേറ്റ് കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥയിലാണ്. സ്‌കൂളുകൾ തകരുകയും അഭയാർത്ഥി ക്യാമ്പുകളായി മാറുകയും ചെയ്തതോടെ ലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം പൂർണമായും നഷ്ടമായി. കടുത്ത ശൈത്യത്തിലും വെയിലിലും താൽക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം. നിരന്തരമായ ഭീതി, പ്രിയപ്പെട്ടവരുടെ വിയോഗം, അക്രമങ്ങൾ എന്നിവ ഗസ്സയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ തകർത്തിരിക്കുന്നു. ഭയം ഇവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുഎൻ രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ആശങ്കയും സായുധ സംഘർഷങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ജനീവ കൺവെൻഷനും അനുശാസിക്കുന്നുണ്ട്. യുദ്ധമേഖലകളിലല്ലാത്ത കുട്ടികൾ ആക്രമിക്കപ്പെടുന്നത് വ്യക്തമായ യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ട സംഘർഷങ്ങളിലൊന്നായി ഗസ്സ മാറിയിരിക്കുകയാണ്. കുറ്റവാളികൾക്ക് അന്താരാഷ്ട്രതലത്തിൽ യാതൊരുവിധ ശിക്ഷയും ഉറപ്പാക്കാൻ സാധിക്കാത്തതാണ് ഇത്തരം മരണങ്ങൾ തുടരാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വെടിനിർത്തൽ പൂർണമായ തോതിൽ നടപ്പിലാക്കാനും ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടസമില്ലാതെ എത്തിക്കാനും അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. ഗസ്സയിലെ കവാടങ്ങൾ തുറന്ന് മരുന്നുകളും ഭക്ഷണവും എത്തിക്കുക, ഗുരുതരമായി പരിക്കേറ്റ കുട്ടികളെ അടിയന്തരമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി ചികിൽസിക്കുക എന്നിവയ്ക്കാണ് നിലവിൽ മുൻഗണന നൽകേണ്ടത്. വരും ദിവസങ്ങളിൽ യുഎൻ സുരക്ഷാ കൗൺസിലിൽ ഈ വിഷയം വീണ്ടും ചർച്ചയായേക്കും.
Adjust Story Font
16
