വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേൽ; നിരായുധീകരണം നിരസിച്ച് ഹമാസ്
ജനുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 581 പേർ കൊല്ലപ്പെടുകയും 1553 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

- Updated:
2026-02-09 11:11:20.0

ഗസ്സ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 10 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 581 പേർ കൊല്ലപ്പെടുകയും 1553 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിൽ 2023 ഒക്ടോബർ മുതലുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ മരണസംഖ്യ 72,032 ആയും പരിക്കേറ്റവരുടെ എണ്ണം 171,661 ആയും ഉയർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം.
അതേസമയം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള വിപുലമായ നടപടികൾക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇതിന് പിന്നാലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 20 ഫലസ്തീനികളെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ പുതിയ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഫലസ്തീൻ അടിയന്തരമായി അഭ്യർഥിച്ചു. സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇസ്രായേൽ നടപടിയെ അപലപിച്ചു.
അതിനിടെ, വെടിനിർത്തലിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിരായുധീകരണം നിരസിച്ച് ഹമാസ്. ഇസ്രായേൽ ഗസ്സയിൽ നിന്ന് ആയുധങ്ങൾ പിൻവലിക്കുന്നത് വരെ ഹമാസ് ആയുധങ്ങൾ താഴെവെക്കില്ലെന്ന് ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഖാലിദ് മിശ്അൽ പറഞ്ഞു. ഹമാസ് ആയുധങ്ങൾ കൈമാറണമെന്ന ആവശ്യം ഫലസ്തീൻ സായുധ പ്രതിരോധത്തെ നിർവീര്യമാക്കാനുള്ള ഒരു നൂറ്റാണ്ടുകാലത്തെ ശ്രമത്തിന്റെ തുടർച്ചയാണെന്ന് ഖത്തറിൽ സംസാരിക്കവെ അദേഹം പറഞ്ഞു.
'നമ്മുടെ ജനങ്ങൾ ഇപ്പോഴും അധിനിവേശത്തിൻ കീഴിലായിരിക്കുമ്പോൾ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത്, എല്ലാ അന്താരാഷ്ട്ര ആയുധങ്ങളും കൊണ്ട് സായുധരായ ഇസ്രായേലിന് എളുപ്പത്തിൽ ഇല്ലാതാക്കാനും ഉന്മൂലനം ചെയ്യാനും കഴിയുന്ന ഒരു ഇരയായി നമ്മുടെ ജനങ്ങളെ മാറ്റുന്നതിന് തുല്യമാണ്' അദ്ദേഹം പറഞ്ഞു.
Adjust Story Font
16
