ബലിപെരുന്നാൾ ദിനത്തിലും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി; ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേൽ 900-ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്

- Published:
27 May 2026 4:37 PM IST

ഗസ്സ: ബലിപെരുന്നാൾ ദിനത്തിലും വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം. ഗസ്സയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച മധ്യ ഗസ്സയിലെ മഗാസി അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും അറിയിച്ചു. കിഴക്കൻ മഗാസിയിൽ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം അഞ്ചുപേരുടെ മൃതദേഹങ്ങളും പരിക്കേറ്റ നിരവധി പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. അൽ-അഖ്‌സ ശുഹദാ ആശുപത്രി മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ക്യാമ്പിന്റെ കിഴക്കൻ ഭാഗത്ത് പ്രവർത്തിക്കുന്ന, ഇസ്രായേൽ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സായുധ സംഘത്തെ നേരിട്ട ഫലസ്തീനികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സ സിറ്റിയിൽ നിന്നുള്ള അൽ ജസീറയുടെ റിപ്പോർട്ടർ താരീഖ് അബു അസ്സൂം വ്യക്തമാക്കുന്നത്, ഈ ആക്രമണം ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നാണ്. മാധ്യമ റിപ്പോർട്ടുകളും സ്രോതസുകളും നൽകുന്ന വിവരങ്ങൾ പ്രകാരം, ഇസ്രായേൽ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സായുധ സംഘത്തിന് ആക്രമണത്തിന് ശേഷം സുരക്ഷിതമായി അവിടെനിന്ന് പിന്മാറാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ കൂടി നടത്തിയതായും, അതിലൊന്ന് ഒരു കുടുംബം താമസിച്ചിരുന്ന വീടിന് മേലാണ് പതിച്ചതെന്നും അസ്സൂം കൂട്ടിച്ചേർത്തു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ ഒരു വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേൽ 900-ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.
Adjust Story Font
16
