കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ച് അവഹേളിച്ച് ഇസ്രായേൽ സൈനികൻ
കഴിഞ്ഞ മാസം ലെബനാനിൽ യേശുക്രിസ്തുവിന്റെ രൂപം തകർക്കുന്ന സൈനികന്റെ ചിത്രം പുറത്തുവന്നിരുന്നു

- Published:
7 May 2026 1:00 PM IST

ബെയ്റൂത്ത്:: തെക്കൻ ലെബനാനിലെ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമമായ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രായേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ചിത്രം ബുധനാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ നടപടിയെടുക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തെക്കൻ ലെബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മതപരമായ അവഹേളനങ്ങളുടെയും നാശനഷ്ടങ്ങളുടെയും പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ തന്നെ യേശുക്രിസ്തുവിന്റെ രൂപം തകർക്കുന്ന സൈനികന്റെ ചിത്രം പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സൈനികരെ യുദ്ധമുഖത്തെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും 30 ദിവസത്തെ ജയിൽ ശിക്ഷ നൽകുകയും ചെയ്തിരുന്നു.
മതചിഹ്നങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന് പുറമെ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ സൈന്യം തകർക്കുന്നതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെബെലിലെ ശുദ്ധജല വിതരണ സംവിധാനത്തിനാവശ്യമായ വൈദ്യുതി നൽകുന്ന സോളാർ പാനലുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഇതിനുപുറമെ വീടുകളും റോഡുകളും ഒലീവ് മരങ്ങളും സൈന്യം വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെയും ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ജറുസലേമിൽ ഒരു ഫ്രഞ്ച് കന്യാസ്ത്രീയെ അതിക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Adjust Story Font
16
