Quantcast

​ഗസ്സ വംശഹത്യ: ഇസ്രായേൽ സൈന്യത്തിൽ 13,000ലേറെ അമേരിക്കക്കാർ, 6000ലേറെ ഫ്രഞ്ചുകാർ, 2000ലേറെ ബ്രിട്ടീഷുകാർ...; നടപടിയാവശ്യം ശക്തം

ഐഡിഎഫിനൊപ്പം വംശഹത്യയിൽ പങ്കാളികളായ 22 വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-02-13 11:38:57.0

Published:

13 Feb 2026 5:01 PM IST

Thousands of British Americans French Russians Germans and Ukrainians in Israel army
X

​ഗസ്സ സിറ്റി: ​ഗസ്സയിൽ രണ്ടര വർഷമായി വംശഹത്യ നടത്തുന്ന ഇസ്രായേൽ സൈനികരിൽ മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരും അം​ഗങ്ങളെന്ന് കണക്കുകൾ. ഇസ്രായേൽ സൈന്യത്തിലുള്ള വിദേശ പൗരന്മാരിൽ ഭൂരിഭാ​ഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വംശഹത്യക്കായി ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന അമേരിക്ക തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ- 13,000ലേറെ പേർ. ഫ്രാൻസ്, റഷ്യ, ജർമനി, യുക്രൈൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന് കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്ന മറ്റ് രാജ്യങ്ങൾ.

റൊമാനിയ, പോളണ്ട്, എത്യോപ, കാനഡ, ഹംഗറി, ഇറ്റലി, അർജന്റീന, നെതർലൻഡ്, ബ്രസീൽ, ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ബെൽജിയം, ആസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് ഈ പട്ടികയിലെ മറ്റ് രാജ്യങ്ങൾ. ഇവിടങ്ങളിൽ നിന്നുള്ള ഇസ്രായേൽ സൈനികരുടെ എണ്ണവും ഐഡിഎഫിന്റെ പട്ടികയിലുണ്ട്. 2025 മാർച്ച് വരെ ഐഡിഎഫിനൊപ്പം വംശഹത്യയിൽ പങ്കാളികളായ വിദേശ സൈനികരുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്.

50,000ത്തിലധികം ഇസ്രായേലി സൈനികർക്ക് ഇസ്രായേൽ പൗരത്വത്തിനൊപ്പം കുറഞ്ഞത് മറ്റൊരു രാജ്യത്തിന്റെയെങ്കിലും പൗരത്വവുമുണ്ടെന്ന് ഡീക്ലാസിഫൈഡ് യുകെ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. 12,135 യുഎസ്-ഇസ്രായേലികളും (ഡ്യുവൽ നാഷനൽസ്) ഇതിനൊപ്പം മറ്റൊരു രാജ്യത്തിന്റ കൂടി പൗരത്വമുള്ള (മൾട്ടി നാഷനൽസ്) 1207 പേരും ഐഡിഎഫിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്രഞ്ചുകാരിൽ ഇത് യഥാക്രമം 6127, 337 ആണ്.

റഷ്യൻ 5067-102, ജർമൻ 3901-292, യുക്രൈനിയൻ 3210-56, ബ്രിട്ടീഷ് 1686-383, റൊമാനിയൻ 1675-85, പോളിഷ് 1668-149, എത്യോപ്യൻ 1387-29, കനേഡിയൻ 1185-339 എന്നിങ്ങനെയാണ് ഇസ്രായേൽ സൈനികരിൽ 1000ലേറെ പേർ വീതം ഉൾപ്പെട്ടിരിക്കുന്ന ഇരട്ട പൗരത്വവും ബഹു പൗരത്വവും ഉള്ള മറ്റ് രാജ്യക്കാർ. ഇസ്രായേലിന്റെ ​ഗസ്സ വംശഹത്യയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ​ഗസ്സ വംശഹത്യയിൽ പങ്കെടുത്ത ബ്രിട്ടീഷ് പൗരന്മാർക്കെതിരെ അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് വിവിധ അഭിഭാഷകർ ആവശ്യപ്പെട്ടു.


ഇതിനുമുമ്പ്, ഐഡിഎഫിൽ സേവനമനുഷ്ഠിക്കുന്ന ഇസ്രായേലി പൗരത്വമില്ലാത്ത ബ്രിട്ടീഷുകാരുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ലോൺ സോൾജിയർമാർ എന്ന് വിളിക്കപ്പെടുന്ന അവർ 54 പേരാണുണ്ടായിരുന്നത്. 2024 ആഗസ്റ്റിൽ, ഇത്തരത്തിൽ ഇസ്രായേൽ പൗരത്വമില്ലാത്ത ഏകദേശം 3,000 പേരാണ് ഐഡിഎഫിൽ സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ വർഷം ഐഡിഎഫിൽ സേവനമനുഷ്ഠിക്കുന്ന പത്ത് ബ്രിട്ടീഷുകാർക്കെതിരെ മെട്രോപൊളിറ്റൻ പൊലീസിന്റെ യുദ്ധക്കുറ്റകൃത്യ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇവരുടെ പേരുകൾ പരസ്യമാക്കിയിട്ടില്ലെങ്കിലും, 240 പേജുള്ള രേഖയിൽ സാധാരണക്കാരെയും സന്നദ്ധപ്രവർത്തകരെയും കൊലപ്പെടുത്തിയതിനും സിവിലിയൻ പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

പബ്ലിക് ഇന്ററസ്റ്റ് ലോ സെന്ററും (പി‌ഐ‌എൽ‌സി) ഗസ്സ ആസ്ഥാനമായുള്ള ഫലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സും ചേർന്നാണ് പരാതി നൽകിയത്. 'ഫലസ്തീനിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭാ​ഗമാകരുതെന്ന നിയമപരമായ ബാധ്യത ബ്രിട്ടീഷ് പൗരന്മാർക്കുണ്ട്. ആരും നിയമത്തിന് അതീതരല്ല'- പരാതി നൽകിയ അഭിഭാഷകരിൽ ഒരാളായ മൈക്കൽ മാൻസ്ഫീൽഡ് പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരെ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനങ്ങളുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ അവർക്കുള്ള ശിക്ഷയിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് പബ്ലിക് പി‌ഐ‌എൽ‌സി അഭിഭാഷകനായ പോൾ ഹെറോൺ ഡിക്ലാസിഫൈഡിനോട് പറഞ്ഞു.

യുകെയിൽ 1870ൽ പാസാക്കിയ ഫോറിൻ എൻലിസ്റ്റ്മെന്റ് ആക്ട്, സമാധാനത്തിൽ കഴിയുന്ന മറ്റൊരു രാജ്യവുമായി യുദ്ധം ചെയ്യുന്ന ഒരു വിദേശ രാജ്യത്തിനുവേണ്ടി ബ്രിട്ടീഷുകാർ പോരാടുന്നത് കുറ്റകരമാക്കുന്നു. ഈ സാഹചര്യത്തിൽ, ബ്രിട്ടൻ അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്, ബ്രിട്ടീഷ് പൗരന്മാരുടെ ഐഡിഎഫ് സേവനം ഈ നിയമത്തിന്റെ ലംഘനമായും വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്.

TAGS :

Next Story