പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്? ഇറാൻ യുദ്ധം പുനരാരംഭിക്കാൻ ട്രംപ്? ഇറാൻ-യുഎസ് വെടിനിർത്തൽ ചര്‍ച്ച വഴിമുട്ടിയ മൂന്ന് വിഷയങ്ങൾ...
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ നിന്ന് ഇറാൻ പൂർണമായും വിട്ടുനിൽക്കണമെന്നതടക്കം യുഎസ് ഉയര്‍ത്തിയ ആശങ്കകളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറായില്ലെന്നാണ് യുഎസിന്റെ ആരോപണം

തെഹ്‌റാന്‍: 40 ദിവസത്തെ അതിരൂക്ഷമായ യുദ്ധത്തിന് പിന്നാലെ പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞിരിക്കുകയാണ്. 21 മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നടത്തിയിട്ടും കരാര്‍ വാഗ്ദാനം ചെയ്യാന്‍ തയ്യാറാവുകയോ വെടിനിര്‍ത്തലിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ വ്യക്തമാക്കുകയോ ചെയ്യാതെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം ഇസ്‌ലാമാബാദ് തിരിച്ചതായാണ് വിവരം. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ നിന്ന് ഇറാൻ പൂർണമായും വിട്ടുനിൽക്കണമെന്നതടക്കം യുഎസ് ഉയര്‍ത്തിയ ആശങ്കകളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറായില്ലെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം, കൂടിക്കാഴ്ച എത്രയും വേഗം അവസാനിപ്പിക്കാന്‍ അമേരിക്ക ഒരു കാരണം തിരയുകയായിരുന്നെന്ന് ഇറാന്‍ പ്രതിനിധിസംഘവും കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരുമാസത്തിലേറെയായി പശ്ചിമേഷ്യയെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരുന്ന ഇറാന്‍ യുദ്ധം, പാകിസ്താന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളിലൂടെ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുകൂട്ടരും. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍ നിരവധി കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും യോജിപ്പിലെത്തിയെന്നും ചില കാര്യങ്ങളില്‍ ധാരണയിലെത്താനാകാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങളും അമേരിക്കയുടെ നിരവധി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം. ഹോര്‍മൂസ് കടലിടുക്കിലെ നിയന്ത്രണം ഇറാന്‍ അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നീ രണ്ട് നിബന്ധനകള്‍ ഇറാന്‍ നിരസിച്ചിരുന്നു. കൂടാതെ, ലെബനാനെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കാത്തതും വെടിനിര്‍ത്തല്‍ ചര്‍ച്ച കരാറിലെത്താതെ വഴിമുടക്കുകയായിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായീല്‍ ബാഗായി പ്രതികരിച്ചു. പ്രധാനമായും, ഹോര്‍മൂസ് കടലിടുക്കിലെ നിയന്ത്രണം പൂര്‍ണമായും ഇറാന്‍ ഉപേക്ഷിക്കുക, യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിന്ന് പിന്മാറുക, യുദ്ധത്തില്‍ നിന്ന് പിന്മാറുക, ശത്രുത അവസാനിപ്പിക്കുക എന്നീ കാര്യങ്ങളായിരുന്നു ചര്‍ച്ചയിലെ പ്രധാനകേന്ദ്രങ്ങളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ പ്രതിനിധി സംഘം കാരണം തിരയുകയായിരുന്നെന്നും തുടക്കംമുതലേ തങ്ങളെ അവിശ്വസിക്കുകയായിരുന്നെന്നും ഇറാനിയന്‍ പ്രതിനിധി സംഘങ്ങളെ ഉദ്ദരിച്ച് തെഹ്‌റാന്‍ മാധ്യമങ്ങള്‍ പറഞ്ഞു. ശുഭപ്രതീക്ഷയോടെയാണ് സംസാരിക്കാന്‍ സന്നദ്ധരായതെന്നും ചര്‍ച്ച പരാജയപ്പെട്ടെന്ന് കരുതി നയതന്ത്രശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഇറാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധം പുനരാരംഭിക്കുമോയെന്ന തരത്തിലുള്ള കാര്യങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. ഇറാന്റെ സൈനികസംവിധാനത്തെ പൂര്‍ണമായും തകര്‍ത്തെന്നും ഇനി ഏതാനും മിസൈലുകള്‍ മാത്രമേ അവരുടെ പക്കല്‍ അവശേഷിക്കുന്നുള്ളൂവെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ രാഷ്ട്രത്തിന് നേരെയുള്ള ഏത് ആക്രമണങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഇറാന്‍.
നേരത്തെ, യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിട്ടും ഇറാന്റെ പക്കല്‍ ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ അവശേഷിക്കുന്നുണ്ടെന്നും ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ നിന്ന് അവ പുറത്തെടുത്ത് ഏത് വിധേനയെയും പ്രത്യാക്രണം നടത്താന്‍ ഇറാന്‍ സാധിക്കുമെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Adjust Story Font
16

