ഇൻസ്റ്റഗ്രാം വഴി പരിചയം; മലപ്പുറത്ത് 14 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു
സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം കൽപ്പകഞ്ചേരിയിൽ 14 വയസുകാരിക്ക് ക്രൂരപീഡനം. ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സംഘം കുട്ടിക്ക് മയക്കുമരുന്ന് നൽകി വലയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
ഗൗരവകരമായ കേസാണ് ഇതെന്നും പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ സിഡബ്ല്യുസി ചെയർമാൻ ഷാജേസ് ഭാസ്‌കർ പറയുന്നു. കൽപ്പകഞ്ചേരിയിലെ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
പഠനത്തിനായി വീട്ടുകാർ വാങ്ങിനൽകിയ ടാബ്‌ലറ്റിലാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. പിന്നീട് മൊബൈൽ നമ്പർ കൈമാറി വിളിയാരംഭിക്കുകയും പരിചയം ദൃഢപ്പെടുകയുമായിരുന്നു. പ്രണയം നടിച്ചാണ് യുവാക്കൾ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്.