സഹോദരിയുടെ കാമുകന്റെ വെട്ടിയെടുത്ത തലയുമായി 22കാരൻ പൊലീസ് സ്റ്റേഷനിൽ
ജബൽപുർ സ്വദേശി 22കാരനായ ധീരജ് ശുക്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മധ്യപ്രദേശിൽ സഹോദരിയുടെ കാമുകന്റെ വെട്ടിയെടുത്ത തലയുമായി 22കാരൻ പൊലീസ് സ്റ്റേഷനിൽ. ജബൽപുർ സ്വദേശി 22കാരനായ ധീരജ് ശുക്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമങ്കര ഗ്രാമവാസിയായ ബ്രിജേഷ് ബർമനെന്ന 35കാരനാണ് കൊല്ലപ്പെട്ടത്. കാമുകനെ കൊലപ്പെടുത്തി മിനിട്ടുകൾക്കകം ധീരജിന്റെ സഹോദരി തൂങ്ങിമരിച്ചു.
ധീരജ് ബ്രിജേഷിന്റെ ഇരുകൈകളും വെട്ടിമാറ്റുകയും പിന്നീട് തലയറുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ബ്രിജേഷിന്റെ വെട്ടിയെടുത്ത തലയും കോടാലിയുമായി ധീരജ് ജബൽപുർ സ്റ്റേഷനിലെത്തി. ശരീരത്തിന്റെ ബാക്കി ഭാഗം എവിടെയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
കുടുംബത്തിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് അന്യമതസ്ഥനായ ബ്രിജേഷിനൊപ്പം ധീരജിന്റെ സഹോദരി ഒളിച്ചോടുന്നത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഇരുവരെയും കണ്ടെത്തുകയും സ്വന്തം വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്യുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
പലപ്പോഴും ഇരുവരും തമ്മിൽ വഴക്കും അക്രമവും ഉണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ബ്രിജേഷിനെ പിന്തുടർന്ന് ധീരജ് ആക്രമിക്കുകയായിരുന്നു. ധീരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശരീരത്തിന്റെ ബാക്കിഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. ധീരജിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.