ചന്ദ്രാപൂർ: സ്വന്തം പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വർഷത്തിന് ശേഷം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് സിനിമയെ വെല്ലുന്ന ക്രൂരമായ കൊലപാതകം നടന്നത്. ഹെഡ് കോൺസ്റ്റബിളായിരുന്ന ജയന്ത് ബല്ലാവർ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആര്യ ജയന്ത് ബല്ലാവർ, ഭര്‍ത്താവ് ആശിഷ് മഹേഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2023 ഏപ്രിൽ 25-നാണ് കൊലപാതകം നടന്നത്. ആര്യയും ആശിഷും തമ്മിലുള്ള പ്രണയത്തെ പിതാവ് ജയന്ത് ബല്ലാവർ എതിർത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ആര്യ പിതാവിന് നൽകിയ മിൽക്ക് ഷേക്കിൽ വിഷം കലർത്തുകയായിരുന്നു. പാനീയം കുടിച്ച് ഡ്യൂട്ടിക്ക് പോയ ജയന്ത് അവിടെ വെച്ച് കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു.ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ എത്തിയപ്പോൾ അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. അസുഖം മൂലമാണ് മരിച്ചതെന്ന് കരുതി അന്ന് പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നില്ല. സംഭവത്തിന് ശേഷം ആര്യ ആശിഷിനെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ ഏകദേശം മൂന്ന് വർഷത്തിന് ശേഷം, ആര്യയുടെ ഭർത്താവ് ആശിഷ് ഷെഡ്മകെയുടെ കുറ്റസമ്മതത്തെ തുടർന്നാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്. ആര്യയുമായുള്ള തർക്കത്തെ തുടർന്നാണ് ആശിഷ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
2022 മുതൽ ആശിഷുമായി ബന്ധത്തിലായിരുന്ന ആര്യ, അവളുടെ പിതാവ് അവരുടെ ബന്ധത്തെ എതിർത്തതിനെത്തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വിഷം വാങ്ങാൻ ആര്യ തന്റെ ബന്ധുമായി ചൈതന്യ ഗെഡമിന് പണം നൽകുകയും മറ്റൊരാള്‍ വിഷം എത്തിച്ചു നൽകുകയും ചെയ്തു. തുടർന്ന് തന്റെ പിതാവിന് നൽകിയ മിൽക്ക് ഷേക്കിൽ വിഷം കലർത്തി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ആശിഷ് പൊലീസിനെ സമീപിച്ച് കുറ്റസമ്മതം നടത്തിയതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്, ഇതോടെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജയന്ത് മരിക്കുമ്പോൾ ആര്യയും ആശിഷും സർവീസിൽ ഉണ്ടായിരുന്നില്ല, 2025 ൽ മാത്രമാണ് അവർ ജോലിയില്‍ കയറിയതെന്നും ശ്രദ്ധേയമാണ്.