മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു
സിനിമയുടെ ട്രെയിലറുകളോ, ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു.
മരട് ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലറുകളോ, ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു.
മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ചിത്രം ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതി റീലീസ് തടഞ്ഞ് ഉത്തരവിറക്കിയത്.
മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ ഭവനങ്ങള്‍ നഷ്ടപെട്ടത്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി. അതിൽ നടന്ന ചതിയുടെ അറിയാക്കഥ, ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം എന്നിവ ആയിരിക്കും മരട് 357 സിനിമ ചര്‍ച്ച ചെയ്യുക.
അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവര്‍ നായികമാരായി എത്തുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്‌ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടി.എം. റഫീഖ്.