പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴത്തെ അറിയപ്പെടുന്നത്, എന്നാൽ ജപ്പാനിൽ നിന്നുള്ള ഒരു അപൂർവ ഇനം മാമ്പഴം ആ പദവിയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. കടും ചുവപ്പ് നിറം, നല്ല മധുരം, കണ്ണഞ്ചിപ്പിക്കുന്ന വില എന്നിവയാൽ ലോകമെമ്പാടും പ്രശസ്തമാണ് മിയാസാക്കി മാമ്പഴം. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോൾ, ഒഡീഷയിലെ ഒരു ചെറിയ തോട്ടത്തിൽ വിളയുകയാണ് ഈ ആഡംബര മാമ്പഴം. ദേബ എന്ന കർഷകനാണ് ഈ അപൂർവ ഇനം മാമ്പഴങ്ങൾ വളർത്തുന്നത്. മൽക്കാൻഗിരി ജില്ലക്കാരനായ ഇദ്ദേഹത്തിന് ഏകദേശം നാല് വർഷം മുമ്പ് ഒരു സാമൂഹിക പ്രവർത്തകനിൽ നിന്നാണ് മിയാസാക്കി മാമ്പഴത്തൈ ലഭിച്ചത്. ഒരു സാധാരണ മാമ്പഴ ചെടി പോലെയായിരുന്നു അതിനെ കണ്ടത്. വർഷങ്ങളോളമുള്ള പരിപാലത്തിന് ശേഷം മാവ് കായ്ക്കാൻ തുടങ്ങി.
എന്നാൽ, കാര്യങ്ങൾ അത്ര ലളിതമല്ലെന്ന് അദ്ദേഹം പറയുന്നു. വിലകൂടിയ മാമ്പഴത്തെക്കുറിച്ച് ആളുകൾ കേട്ടയുടനെ, ആവേശം പെട്ടെന്ന് പിരിമുറുക്കമായി മാറി. പഴങ്ങൾ സംരക്ഷിക്കുന്നതിനും വിൽക്കുന്നതും എങ്ങനെയെന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടുവെന്ന് ദേബ പറയുന്നു. പഴങ്ങൾ വളരെ വിലപ്പെട്ടതാണെന്നും അവ മോഷ്ടിക്കപ്പെടുമോ എന്ന ഭയത്താൽ ഇപ്പോൾ തോട്ടം സംരക്ഷിക്കാൻ തുടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മിയാസാക്കി മാമ്പഴം വഴിയോര കടകളിലോ പ്രാദേശിക വിപണികളിലോ വിൽക്കുന്ന സാധാരണ പഴങ്ങളല്ല. ലോകമെമ്പാടും അവയെ ആഡംബര ഉൽപ്പന്നങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. ജപ്പാനിൽ, അവ പലപ്പോഴും പ്രീമിയം ലേലങ്ങളിലും, സ്പെഷ്യാലിറ്റി സ്റ്റോറുകളിലും, സമ്മാന വിപണികളിലും മാത്രമാണ് വിൽക്കപ്പെടുന്നത്.
ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറിൽ നിന്നാണ് ഈ മാമ്പഴത്തിന് ഈ പേര് ലഭിച്ചത്. സാധാരണ മഞ്ഞ മാമ്പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ മാമ്പഴങ്ങൾ പഴുക്കുമ്പോൾ കടും ചുവപ്പ് നിറമാകും. അവയുടെ അസാധാരണമായ രൂപവും ഓവൽ ആകൃതിയും മറ്റു മാമ്പഴങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. രൂപം കൊണ്ടു മാത്രമല്ല മാമ്പഴം ജനപ്രിയമായത്. മിയാസാക്കി മാമ്പഴങ്ങൾ അവയുടെ മധുരത്തിനും ഗുണത്തിനും പേരുകേട്ടതാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവയിൽ കുറഞ്ഞത് 15 ശതമാനം പഞ്ചസാരയുടെ അളവ് അടങ്ങിയിരിക്കുന്നതിനാൽ പല സാധാരണ മാമ്പഴ ഇനങ്ങളെ അപേക്ഷിച്ച് ഇവയെ മധുരമുള്ളതാക്കുന്നു. സാധാരണ മാമ്പഴങ്ങളേക്കാൾ ഇവ വലുതമാണ്. ഓരോ പഴത്തിനും പലപ്പോഴും 350 ഗ്രാമിൽ കൂടുതൽ ഭാരം വരും. ജപ്പാനിൽ, ഈ മാമ്പഴങ്ങൾ വിപണിയിലെത്തുന്നതിനുമുമ്പ് കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നു. മികച്ച നിറവും മധുരവും രൂപഭംഗിയും ഉള്ള പഴങ്ങൾക്ക് മാത്രമേ "egg of the sun" എന്ന പ്രീമിയം പദവി ലഭിക്കൂ.
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴങ്ങളിലൊന്ന് വളർത്തിയിട്ടും, അതിന് എത്ര വില കിട്ടുമെന്നോ എവിടെയാണ് വിൽക്കേണ്ടതെന്നോ ദേബയ്ക്ക് ഇപ്പോഴും അറിയില്ല. മിയാസാക്കി മാമ്പഴം പോലുള്ള ആഡംബര പഴങ്ങൾക്ക് ശരിയായ പാക്കേജിംഗ്, ശ്രദ്ധാപൂർവ്വമായ കൈകാര്യം ചെയ്യൽ, എന്നിവ ആവശ്യമാണ്. വാങ്ങുന്നവർ സാധാരണയായി കയറ്റുമതിയുമായി ബന്ധപ്പെട്ടവർ, ആഡംബര പഴക്കടകൾ, പ്രീമിയം ഹോട്ടലുകൾ തുടങ്ങിയവരാണ്. നേരിട്ടുള്ള വിപണി ബന്ധങ്ങളില്ലാത്ത ചെറുകിട കർഷകർക്ക്, അത്തരം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എളുപ്പമല്ല. കാർഷിക വിദഗ്ധരും സർക്കാർ അധികാരികളും തന്നെ സഹായിക്കുമെന്നാണ് ദേബയുടെ പ്രതീക്ഷ.