വാഷിങ്ടൺ: സമ്പന്ന രാജ്യമായതുകൊണ്ട് മാത്രം ഒരു രാജ്യം സ്വയം പര്യാപ്തമാകണമെന്നില്ല. എത്ര വലിയ സമ്പത്തുണ്ടെങ്കിലും ഭക്ഷ്യകാര്യങ്ങളിൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ലോകത്തിലെ വലിയ ധനിക രാഷ്ട്രങ്ങൾ പോലും തങ്ങളുടെ ജനങ്ങളുടെ ആഹാര ആവശ്യങ്ങൾക്കായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് അന്നജം അടങ്ങിയ പ്രധാന ഭക്ഷണങ്ങൾ , പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, മാംസം, മത്സ്യം, പയർവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും വേണ്ടത്.
പ്രമുഖ കാർഷിക ഉത്പാദകരായ അമേരിക്കയും ചൈനയും പോലും മുകളിൽ പറഞ്ഞ പ്രധാന ഭക്ഷണ വിഭാഗങ്ങളിൽ കുറഞ്ഞത് ഒന്നിലെങ്കിലും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട് എന്നതാണ്. എന്നാൽ ഇറക്കുമതിയെ ആശ്രയിക്കാതെ തന്നെ ഈ ഏഴ് പ്രധാന ഭക്ഷണ വിഭാഗങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം മാത്രമേ ലോകത്തുള്ളൂ. ഏതാണ് ആ രാജ്യം എന്നും, ഭക്ഷ്യോത്പാദനത്തിൽ അത് എങ്ങനെ സ്വയംപര്യാപ്തത കൈവരിക്കുന്നു എന്നും അറിയണ്ടേ?
ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ച രാജ്യം
'നേച്ചർ ഫുഡ്സ്' നടത്തിയ പഠനമനുസരിച്ച്, 186 രാജ്യങ്ങളിൽ വെച്ച് തങ്ങളുടെ എല്ലാ പോഷകാഹാര ആവശ്യങ്ങളും സ്വന്തം ആഭ്യന്തര ഉത്പാദനത്തിലൂടെ നിറവേറ്റാൻ കഴിയുന്ന ഒരേയൊരു രാജ്യം തെക്കേ അമേരിക്കൻ രാജ്യമായ ഗയാന ആണ്.
തങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ അന്നജം അടങ്ങിയ ഭക്ഷണങ്ങളും പഴവർഗ്ഗങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഗയാനയ്ക്ക് സാധിക്കുന്നുണ്ട്. എല്ലാ അവശ്യ പോഷക വിഭാഗങ്ങളും ഉൾപ്പെടുത്തി സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കുന്നതിൽ അത്ഭുത പ്രദേശമായി ഈ രാജ്യം നിലകൊള്ളുന്നു.
ഈ വിഭാഗത്തിൽ ഗയാന വേറിട്ടുനിൽക്കുമ്പോൾ, ആറ് പ്രധാന ഭക്ഷണ വിഭാഗങ്ങളിൽ സ്വയംപര്യാപ്തത നേടി ചൈനയും വിയറ്റ്‌നാമും തൊട്ടുപിന്നിലുണ്ട്. രാജ്യങ്ങളുടെ ഉയർന്ന വരുമാനം ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുനൽകുന്നില്ല എന്നതിന്‍റെ തെളിവാണ് ഈ പട്ടികയിൽ കാനഡയും അമേരിക്കയും പിന്നിലായത്.
ഗയാന എങ്ങനെയാണ് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചത്?
ലോകത്തിലെ പല വികസിത രാജ്യങ്ങളും ഭക്ഷണത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ, ഗയാനയ്ക്ക് തങ്ങളുടെ മുഴുവൻ ഭക്ഷണ ആവശ്യങ്ങളും സ്വന്തമായി കണ്ടെത്താൻ സാധിക്കുന്നു. വനനശീകരണം നടത്താതെ തന്നെ ഈ നേട്ടം കൈവരിച്ചു എന്നതാണ് ഗയാനയുടെ പ്രത്യേകത .തങ്ങളുടെ സ്വാഭാവിക വനങ്ങളുടെ 85 ശതമാനത്തിലധികവും ഗയാന സംരക്ഷിച്ചിട്ടുണ്ട്.
ഭൂമധ്യരേഖയോട് ചേർന്നുനിൽക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം വർഷം മുഴുവൻ മിതമായ ചൂടും ആവശ്യത്തിന് മഴയും ഈർപ്പവും ഇവിടെ ലഭിക്കുന്നു. ആമസോൺ നദീതടങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ കടൽമണ്ണും കളിമണ്ണും ഗയാനയുടെ കൃഷിഭൂമിയെ വളരെയധികം ഫലഭൂയിഷ്ഠമാക്കുന്നു. 'ഇന്റർക്രോപ്പിംഗ്' ഗയാനയുടെ വിജയത്തിന് പിന്നിലെ പ്രധാന രഹസ്യം അവർ പിന്തുടരുന്ന വിപ്ലവകരമായ കൃഷിരീതിയാണ്. ഒരേ കൃഷിയിടത്തിൽ ഒന്നിലധികം വിളകൾ ഒരേസമയം കൂട്ടിവിളയായി കൃഷി ചെയ്യുന്ന രീതിയാണിത്.
ചോളവും സോയാബീനും ഒന്നിച്ചു കൃഷി ചെയ്യുമ്പോൾ സോയാബീൻ മണ്ണിൽ നൈട്രജൻ ഉത്പാദിപ്പിക്കുന്നു. ചോളം മറ്റ് പോഷകങ്ങൾ വലിച്ചെടുക്കുന്നു. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നു. ശാസ്ത്രീയമായ രീതിയിൽ വിളകൾ ഒന്നിച്ചു നടുന്നത് കീടബാധ കുറയ്ക്കാൻ സഹായിക്കുന്നു. മോശം കാലാവസ്ഥയോ കീടബാധയോ കാരണം ഒരു വിള നശിച്ചാലും രണ്ടാമത്തെ വിളയിൽ നിന്ന് കർഷകന് വരുമാനം ലഭിക്കും.