അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; മുരിങ്ങ കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ

സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയ സാഗർ തന്റെ അഞ്ച് ഏക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്യാനാണ് തീരുമാനിച്ചത്

Update: 2026-09-12 12:45 GMT

മുംബൈ: സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും ഉള്ളതുകൊണ്ട് പലരും ബിസിനസ്സ് ആശയങ്ങളിൽ നിന്ന് പിന്നോട്ട് പോകാറാണ് പതിവ്. അവിടെയാണ് അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് കൃഷിയിൽ വിജയം കൊയ്ത സാഗർ ഖാരെ എന്ന യുവാവ് മാതൃകയാകുന്നത്.

സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയ സാഗർ തന്റെ അഞ്ച് ഏക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്യാനാണ് തീരുമാനിച്ചത്. കൃത്യമായ പ്ലാനിംഗോടെയും കഠിനാധ്വാനത്തോടെയും മുരിങ്ങ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇന്ന് വർഷത്തിൽ ഏകദേശം 36 ലക്ഷം രൂപയാണ് സാഗർ ഇതിലൂടെ വരുമാനം നേടുന്നത്. സാഗറിന്റെ പ്രചോദനാത്മകമായ വിജയഗാഥ 'ഫൗണ്ടേഴ്സ് വിഷൻ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

Advertising
Advertising

വെറും കഠിനാധ്വാനം മാത്രമല്ല ആധുനിക കൃഷിയെന്നാണ് തെളിയിക്കുന്നതാണ് സാഗറിന്‍റെ വിജയഗാഥ. ശരിയായ അറിവ്, ആസൂത്രണം, വിള തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടെങ്കിൽ, കൃഷിയിലൂടെ ലാഭം കൊയ്യാം. പലരും വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പായുമ്പോൾ, ചിലർ നിശബ്ദമായി മണ്ണിൽ വിപ്ലവമുണടാക്കുന്നു. വിജയം എല്ലായ്പ്പോഴും വലിയ ഓഫീസുകളിൽ നിന്നോ വിദേശ ശമ്പളത്തിൽ നിന്നോ അല്ല വരുന്നത്. ചിലപ്പോൾ, അത് നിങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്ന് തന്നെയായിരിക്കും.

സാഗർ സോളാപൂർ ജില്ലയിലെ കുർദുവാഡിയാണ് സാഗറിന്‍റെ സ്വദേശം. പരമ്പരാഗത കൃഷിക്കാരാണ് സാഗറിന്‍റെ മാതാപിതാക്കൾ. കോര്‍പറേറ്റ് ജോലിയെക്കാൾ കൃഷിയാണ് തനിക്ക് യോജിക്കുന്നതെന്ന് സാഗര്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. "എന്റെ ജോലി നല്ലതായിരുന്നു, പക്ഷേ കൃഷിയിടത്തിൽ ആയിരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്," അദ്ദേഹം പറഞ്ഞു.

രാസവസ്തുക്കളുടെയും കീടനാശിനികളുടെയും വർധിച്ചുവരുന്ന ചെലവുകളും ആഘാതവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സാഗര്‍ ജൈവ കൃഷിയിലേക്ക് തിരിയുകയായിരുന്നു. മുരിങ്ങ നടുന്നതിന് മുമ്പ് മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. സോളാപൂരിലെ കഠിനമായ വേനൽക്കാലത്തെ നേരിടാൻ കഴിയുന്ന വിളകളെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. കാരണം ഇവിടെ താപനില ചിലപ്പോൾ 45°C ന് മുകളിൽ ഉയരാറുണ്ട്. അങ്ങനെയാണ് മുരിങ്ങ നട്ടാലോ എന്ന് തീരുമാനിക്കുന്നത്. മുരിങ്ങക്കൃഷിയെയും അതിന്‍റെ വാണിജ്യ സാധ്യതകളെയും കുറിച്ച് മനസിലാക്കാൻ തമിഴ്‌നാട്ടിലെയും മധ്യപ്രദേശിലെയും കർഷകരെ സന്ദർശിച്ചു.

പതിയെ പതിയെ ബിസിനസ് വളര്‍ന്നു. അഞ്ച് ഏക്കര്‍ കൃഷിയിടത്തിൽ നിന്നും സാഗറിന് ഇപ്പോൾ 36 ലക്ഷം രൂപയുടെ വാർഷിക വിറ്റുവരവ് ലഭിക്കുന്നു.മുരിങ്ങയില വിൽപ്പനയിലൂടെ 12 ലക്ഷവും മുരിങ്ങക്കായയിലൂടെ 17 ലക്ഷവും വിത്ത് വിൽപ്പനയിലൂടെ 7 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. തൊഴിലാളികളുടെ കൂലി, വളം, മറ്റ് പരിപാലന ചെലവുകൾ എന്നിവ കിഴിച്ചാൽ മാത്രം പ്രതിവർഷം 30 ലക്ഷം രൂപ അറ്റാദായമായി ലഭിക്കുന്നു.

സാഗർ ഉത്പാദിപ്പിക്കുന്ന ഉണക്കിയ മുരിങ്ങയില പൊടി മൊത്തവ്യാപാരികൾക്കും ഓർഗാനിക് സ്റ്റോറുകൾക്കുമാണ് നൽകുന്നത്. കിലോയ്ക്ക് 500 മുതൽ 600 രൂപ വരെയാണ് ഇതിന് വിപണിയിൽ ലഭിക്കുന്നത്. സാമ്പാറിലും മറ്റ് ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന മുരിങ്ങക്കായക്കും പോഷകസമൃദ്ധമായ മുരിങ്ങയില പൊടിയ്ക്കും നിലവിൽ ആഭ്യന്തര-ആഗോള വിപണിയിൽ നല്ല ഡിമാൻഡുണ്ട്. ലോകത്തിലെ ആകെ മുരിങ്ങ ആവശ്യകതയുടെ 80 ശതമാനത്തിലധികവും നൽകുന്നത് ഇന്ത്യയാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News