ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷ ഐഷേ ഘോഷ് ബംഗാളില്‍ സ്ഥാനാര്‍ഥി

ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് ജനവിധി തേടുന്നത്

Update: 2021-03-10 15:52 GMT

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ്. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ദിപ്‌സിത ദറും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ബംഗാളിലെ ബാലിയില്‍ നിന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്‌സിത ജനവിധി തേടുന്നത്. കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള നന്ദിഗ്രാമില്‍ ബംഗാള്‍ ഡി.വൈ.എഫ്.ഐ അധ്യക്ഷ മീനാക്ഷി മുഖര്‍ജിയാണ് സി.പി.എം സ്ഥാനാര്‍ഥി. മുന്‍ തൃണമൂല്‍ നേതാവും മമതയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി സ്ഥാനാര്‍ഥിയാകുമ്പോള്‍, സാക്ഷാല്‍ മമത ബാനര്‍ജിയാണ് നന്ദിഗ്രാമിലെ തൃണമൂല്‍ സ്ഥാനാര്‍ഥി.

294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Tags:    

Similar News