ജോലി മാറിയാലോ ഇടവേള വന്നാലോ പിഎഫ് അക്കൗണ്ട് പൂട്ടുമോ? ഇപിഎഫിനെക്കുറിച്ച് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

ഇപിഎഫ് വലിയൊരു സാമ്പത്തിക സുരക്ഷയാണെങ്കിലും, ഇതിന്‍റെ നിയമങ്ങളെക്കുറിച്ച് പലർക്കും തെറ്റായ ധാരണകളുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് കാരണമാകാറുണ്ട്

Update: 2026-04-01 06:19 GMT

ഡൽഹി: ജോലിക്കാരായ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം തന്‍റെ ഔദ്യോഗിക ജീവിതത്തിന് ശേഷം സാമ്പത്തികമായി കൈത്താങ്ങാകുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് . ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു തുക സമ്പാദ്യമായി കെട്ടിപ്പടുക്കാൻ ഇത് സഹായിക്കുന്നു.

ഇപിഎഫ് വലിയൊരു സാമ്പത്തിക സുരക്ഷയാണെങ്കിലും, ഇതിന്‍റെ നിയമങ്ങളെക്കുറിച്ച് പലർക്കും തെറ്റായ ധാരണകളുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് കാരണമാകാറുണ്ട്. വിരമിക്കൽ കാലത്തെ നിക്ഷേപം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തിരുത്തേണ്ട അഞ്ച് പ്രധാന തെറ്റിദ്ധാരണകൾ ഇവയാണ്.

Advertising
Advertising

1. ഇപിഎഫ് വിരമിക്കൽ പ്രായം 60 വയസല്ല

ഇപിഎഫ് ഗുണഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ് വിരമിക്കൽ പ്രായം 60 വയസാണ് എന്നത്. എന്നാൽ ഇപിഎഫ്ഒ നിയമങ്ങൾ പ്രകാരം ഇതിലെ വാസ്തവം മറ്റൊന്നാണ്.ഇപിഎഫ് നിയമങ്ങൾ അനുസരിച്ച് ഔദ്യോഗിക വിരമിക്കൽ പ്രായം 58 വയസാണ്. ഇതാണ് ഈ പദ്ധതിയുടെ 'കട്ട് ഓഫ്' പ്രായമായി കണക്കാക്കുന്നത്.

ഒരാൾ 58 വയസിന് ശേഷവും ജോലിയിൽ തുടരുകയാണെങ്കിൽ പോലും, ഇപിഎഫ് അക്കൗണ്ടിലേക്കുള്ള പുതിയ വിഹിതങ്ങൾ 58 വയസോടെ അവസാനിക്കും. 58 വയസ് തികയുന്നതോടെ ഒരു ജീവനക്കാരന് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.അക്കൗണ്ടിലെ നിലവിലെ തുക പിൻവലിച്ചില്ലെങ്കിൽ അതിന് പലിശ ലഭിക്കുമെങ്കിലും പുതിയതായി പണം നിക്ഷേപിക്കാൻ സാധിക്കില്ല.

2. വിരമിച്ചാലും പലിശ നിലയ്ക്കില്ല

ഇപിഎഫ് പദ്ധതിയിൽ നിന്ന് വിരമിച്ചാലുടൻ അക്കൗണ്ടിലെ പലിശ ലഭിക്കുന്നത് അവസാനിക്കുമെന്നാണ് പലരും കരുതുന്നത്. നിങ്ങൾ 58 വയസിൽ വിരമിച്ചാലും നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടിലെ തുകയ്ക്ക് പലിശ ലഭിക്കുന്നത് തുടരും.വിരമിച്ചതിന് ശേഷം അടുത്ത 3 വർഷം കൂടി (അതായത് 61 വയസ് വരെ) നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് തുകയ്ക്ക് പലിശ ലഭിച്ചുകൊണ്ടിരിക്കും. മൂന്ന് വർഷം വരെ പണം പിൻവലിക്കാതെ ഇരുന്നാലും പലിശ ലഭിക്കും. എന്നാൽ ഇതിന് ശേഷം അക്കൗണ്ട് 'ഇൻഓപ്പറേറ്റീവ്' ആയി മാറുകയും പലിശ ലഭിക്കുന്നത് അവസാനിക്കുകയും ചെയ്യും.

3. നേരത്തെ വിരമിക്കുന്നവർക്ക് പലിശ കൂടുതൽ കാലം ലഭിക്കുമോ?

ഇപിഎഫ് നിയമപ്രകാരം ഏത് പ്രായത്തിൽ വിരമിച്ചാലും മൂന്ന് വർഷം മാത്രമേ പലിശ ലഭിക്കൂ എന്നൊരു തെറ്റിദ്ധാരണ പരക്കെയുണ്ട്. എന്നാൽ വിരമിക്കുന്ന പ്രായത്തിനനുസരിച്ച് ഈ പലിശ ലഭിക്കുന്ന കാലയളവിൽ മാറ്റം വരാം.45 വയസിൽ വിരമിച്ചാൽ നിങ്ങൾക്ക് 58 വയസ് തികയുന്നത് വരെ അക്കൗണ്ടിലെ തുകയ്ക്ക് പലിശ ലഭിക്കും.

4. ജോലി മാറിയാലോ ഇടവേള വന്നാലോ പിഎഫ് അക്കൗണ്ട് പൂട്ടുമോ?

ജോലി മാറുന്നവരും പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നവരും നേരിടുന്ന പ്രധാന ആശങ്കയാണ് തങ്ങളുടെ ഇപിഎഫ് അക്കൗണ്ട് ഇതോടെ അവസാനിക്കുമോ എന്നത്. എന്നാൽ ജോലി ഇല്ലാത്ത കാലയളവിലും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.

തുടർച്ചയായി മൂന്ന് വർഷം (36 മാസം) അക്കൗണ്ടിലേക്ക് വിഹിതം വന്നില്ലെങ്കിൽ മാത്രമേ ഒരു അക്കൗണ്ടിനെ 'ഇൻഓപ്പറേറ്റീവ്' അഥവാ പ്രവർത്തനരഹിതമായി കണക്കാക്കൂ. എന്നാൽ അപ്പോഴും അക്കൗണ്ട് പൂർണമായി ക്ലോസ് ചെയ്യുന്നില്ല. ഇൻഓപ്പറേറ്റീവ് ആയാൽ പോലും നിങ്ങൾക്ക് പഴയ അക്കൗണ്ടിലെ തുക പുതിയ ജോലിയിലെ അക്കൗണ്ടിലേക്ക് മാറ്റാനോ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം പിൻവലിക്കാനോ സാധിക്കും.

ജോലിയില്ലാത്ത കാലയളവ് (Non-contributory periods - NCP) നിങ്ങളുടെ പെൻഷൻ ലഭിക്കാനുള്ള ആകെ സർവീസ് കാലയളവിൽ കണക്കാക്കില്ല.പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ പഴയ ജോലി രാജിവച്ച തിയതിയും പുതിയ ജോലിയിൽ ചേർന്ന തിയതിയും കൃത്യമായി രേഖപ്പെടുത്തണം. ഇവ തമ്മിൽ ഓവർലാപ്പ് വരാതെ ശ്രദ്ധിക്കുന്നത് ഭാവിയിൽ പണം പിൻവലിക്കുന്നത് എളുപ്പമാക്കും.

5. വിരമിച്ചാൽ മാത്രമേ പെൻഷൻ ലഭിക്കൂ?

ജോലിയിൽ നിന്ന് പൂർണമായി വിരമിച്ചാൽ മാത്രമേ പെൻഷൻ തുക ലഭിച്ചു തുടങ്ങുകയുള്ളൂവെന്നത് ഒരു തെറ്റിദ്ധാരണയാണ്. ഇപിഎസ് നിയമപ്രകാരം 58 വയസ് തികയുന്നതോടെ ഒരാൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. 58 വയസ്സിന് ശേഷവും നിങ്ങൾ ജോലിയിൽ തുടരുകയാണെങ്കിൽ പോലും പെൻഷൻ തുക കൈപ്പറ്റിത്തുടങ്ങാവുന്നതാണ്. ഇത് ജീവിതകാലം മുഴുവൻ ലഭിക്കുന്ന പ്രതിമാസ പെൻഷനാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News