വിദേശ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ ; ഇന്ത്യക്ക് അമേരിക്കയുടെ അഭിനന്ദനം

ആഗോള ആരോഗ്യ ഭൂപടത്തിൽ ഇന്ത്യയുടെ പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു

Update: 2021-01-23 07:01 GMT
Advertising

വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക. ഇന്ത്യയെ നല്ല സുഹൃത്തായി വിശേഷിപ്പിച്ച അമേരിക്ക തങ്ങളുടെ ഔഷധ മേഖലയെ ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നാക്കുന്നതിനെ അനുമോദിച്ചു.

ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലിദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിയയച്ചിരുന്നു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക , ബ്രസീൽ , മൊറോക്ക ഉൾപ്പെടെ രാജ്യങ്ങളിലേക്കും കൂടുതൽ ഡോസുകൾ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

"ആഗോള ആരോഗ്യ ഭൂപടത്തിൽ ഇന്ത്യയുടെ പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ലക്ഷക്കണക്കിന് ഡോസ് വാക്സിനുകളാണ് ഇന്ത്യ ദക്ഷിണേഷ്യയിൽ വിതരണം ചെയ്തത് "

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ ബ്യൂറോ ട്വിറ്ററിൽ കുറിച്ചു.

"ആഗോള സമൂഹത്തെ തങ്ങളുടെ ആരോഗ്യ സമ്പത്ത് കൊണ്ട് സഹായിക്കുന്ന ഇന്ത്യ ഞങ്ങളുടെ യഥാർത്ഥ സുഹൃത്താണ് "

'ലോകത്തിന്റെ ഔഷധശാല' എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയാണ് ആഗോളതലത്തിൽ തന്നെ അറുപത് ശതമാനം വാക്സിനുകൾ നിർമ്മിക്കുന്നത്. ഇന്ത്യയുടെ ഔഷധ നിർമാണ ശേഷി മാനവരാശിയുടെ സഹായത്തിനു ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഉദ്യമത്തെ പ്രകീർത്തിച്ചു അമേരിക്കൻ മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.

അമേരിക്കയുടെ അഭിനന്ദനത്തിനു അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിങ് സന്ധു നന്ദി അറിയിച്ചു.

Tags:    

Similar News