ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഇസ്രായേലിന് അനുകൂലമായി മുന്‍മേയര്‍ സ്വീകരിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ റദ്ദാക്കി സൊഹ്‌റാന്‍ മംദാനി. ഇസ്രായേലിനെ പിന്തുണക്കുന്നതിനായി മുന്‍മേയര്‍ കൈക്കൊണ്ട ഉത്തരവുകളെ റദ്ദാക്കുന്നതിനായുള്ള ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ടാണ് മംദാനിയുടെ നടപടി. ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബറന്‍സ് അലയന്‍സ്, ആന്റിസെമിറ്റിസത്തിന്റെ നിര്‍വചനം അംഗീകരിച്ചതും അതില്‍ ഉള്‍പ്പെടും.
യുഎസ് ഏജന്‍സികളെ ഇസ്രായേലില്‍ നിന്ന് പിന്‍വലിക്കുന്നത് തടഞ്ഞുകൊണ്ട് ആഡംസ് കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. മറ്റ് സമൂഹങ്ങളോട് ഇസ്രായേല്‍ വെച്ചുപുലര്‍ത്തുന്ന വംശീയവിരോധത്തെ ആന്റിസെമിറ്റിസത്തിന്റെ നിര്‍വചനമായ അംഗീകരിച്ചതും, ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബറന്‍സ് അലയന്‍സ് ഉടമ്പടിയും അതില്‍ ഉള്‍പ്പെടും. ഇതിനെതിരെയാണ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മംദാനി ഇടപെട്ടത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ മംദാനി ഉയര്‍ത്തിയ പ്രഖ്യാപനങ്ങള്‍;
സമ്പന്നര്‍ക്കും നികുതി ചുമത്തും
നഗരത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമ്പന്നരടക്കം നികുതി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് മംദാനിയുടെ പ്രഖ്യാപനം. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നില്‍ ശ്രദ്ധേയം.
ശക്തമായ സര്‍ക്കാര്‍ സംവിധാനം കെട്ടിപ്പടുക്കും
മംദാനിയുടെ ഭരണകാലത്ത് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അമേരിക്കയിലെ പല പ്രമുഖരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ വരവ് വെറുതെയായിരിക്കില്ലെന്നും ശക്തമായ സര്‍ക്കാര്‍ സംവിധാനം കെട്ടിപ്പടുക്കുന്നതിനായി ജനങ്ങളോടൊന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മംദാനി അടിവരയിട്ട് പറയുന്നു.
സൗജന്യമായ ചൈല്‍ഡ് കെയര്‍ സര്‍വീസ്
മക്കളെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കാതെ സമാധാനമായി പഠിക്കാനും ജോലി ചെയ്യാനും സാധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സൗജന്യമായി ചൈല്‍ഡ് സര്‍വീസ് ആരംഭിക്കുമെന്ന് മംദാനി പറഞ്ഞു.
സൗജന്യമായ പൊതുഗതാഗതം
ന്യൂയോര്‍ക്കിലുള്ള എല്ലാവര്‍ക്കും ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മംദാനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പൊതുഗതാഗതമെന്നത് ജനങ്ങളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അദ്ദേഹം വ്യക്തമാക്കി.
ലക്ഷക്കണക്കിന് ആളുകളുടെ വാടക മരവിപ്പിക്കല്‍
ആളുകള്‍ പ്രധാനമായും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു മില്യണിലധികം പേരുടെ താമസസ്ഥലത്തിന്റെ പേരിലുള്ള വാടക മരവിപ്പിക്കും.
നഗരത്തില്‍ കൂടുതല്‍ പലചരക്ക് കടകള്‍
ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പലചരക്ക് സാധനങ്ങള്‍ ലഭിക്കുന്നതിനായി നഗരപ്രദേശങ്ങളില്‍ കടകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും സൗകര്യമൊരുക്കുമെന്നും മംദാനി പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണത്തിന് ഒരാളും അളവില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരരുതെന്നാണ് മംദാനിയുടെ നിലപാട്.
അസമത്വങ്ങള്‍ക്കെതിരെ പോരാട്ടവും തൊഴിലാളികളെ ചേര്‍ത്തുപിടിക്കലും
സോഷ്യലിസ്റ്റ് ആശയങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായി സിറ്റിയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വങ്ങള്‍ക്കെതിരെ പോരാടുമെന്നും തൊഴിലാളികള്‍ വ്യവസായത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമെതിരെ പ്രശ്‌നപരിഹാരവുമായി അവരെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മംദാനി വ്യക്തമാക്കി.
താങ്ങാവുന്ന വിലയില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍
വീടില്ലാത്തതിന്റെ പേരില്‍ വല്ലാതെ വിഷമിക്കുകയും പ്രയാസപ്പെടുകയും ചെയ്യുവന്നരെ കരകയറ്റുന്നതിന്റെ ഭാഗമായി അവര്‍ക്ക് താങ്ങാവുന്ന നിലയില്‍ വീട് ലഭിക്കാനുള്ള സൗകര്യമൊരുക്കുമെന്നും മംദാനി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പറഞ്ഞു.
ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ നിര്‍മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരന്‍ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് വരുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ്, അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്.
ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്‌റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും.