വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് നിർദേശങ്ങൾ അവതരിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായി 1.5 ട്രില്യണ്‍ (148 ലക്ഷം കോടി) വകയിരുത്തിയാണ് ബജറ്റ്. കൂടാതെ, മറ്റനേകം ആഭ്യന്തര പ്രോജക്ടുകള്‍ക്കായും സാമ്പത്തിക സാധ്യതകള്‍ വകയിരുത്തിയിട്ടുണ്ട്. അംഗീകാരം ലഭിക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സൈനികവിഭാഗത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തികപിന്തുണ നല്‍കുന്ന ബജറ്റുകളൊന്നായി ഇത് മാറിയേക്കും. ട്രംപിന്‍റെ സ്വപ്നപദ്ധതിയായ ഗോൾഡൻ ഡോം നടപ്പിലാക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്.
ട്രംപിന്റെ ബജറ്റ് അവതരണത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് രാജ്യത്തിന്റെ സംഭരണശേഷി വർധിപ്പിക്കുന്നതിനായി 156 മില്യണ്‍ നീക്കിവെക്കണമെന്ന തീരുമാനം. ആയുധങ്ങള്‍, സൈനികസംവിധാനങ്ങള്‍, യുദ്ധവിമാനങ്ങൾ, പടക്കപ്പലുകൾ എന്നിങ്ങനെ സായുധവിഭാഗത്തിന് ആവശ്യമായ ഉപകരണങ്ങള്‍ക്കായി വലിയ തുക വകയിരുത്തണമെന്നാണ് നിര്‍ദേശം. മിലിട്ടറി ടെക്‌നോളജികളില്‍ പരിശോധനകളും റിസര്‍ച്ചുകളും നടത്തുന്നതിനായി 125 ബില്യണ്‍ രൂപയും നീക്കിവെച്ചിട്ടുണ്ട്. യുഎസ് സൈന്യത്തിന്റെ നിരന്തരമായ സൈനികനീക്കങ്ങള്‍ക്കായും ബഡ്ജറ്റ് പ്രത്യേകം വകയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. 45 ബില്യണ്‍ ഡോളറാണ് യുഎസ് സൈനിക ഓപ്പറേഷനുകള്‍ക്കും നോക്കിനടത്തിപ്പിനുമായി നീക്കിവെച്ചിട്ടുള്ളത്. ഇത് കൂടാതെ, ആഭ്യന്തര-പ്രതിരോധ വിഷയങ്ങളിലും സൈനികരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വലിയ തുക നീക്കിവെച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്തോ-പസഫിക് മേഖലകളില്‍ ചൈന നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ട്രംപ് ഭരണകൂടം സൈനികമേഖലക്ക് കൂടുതല്‍ ഫണ്ട് നീക്കിവെക്കാന്‍ നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്നാണ് ഭൗമരാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. കൂടാതെ, ഇസ്രായേല്‍, ഇറാന്‍, യുക്രൈന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുക എന്ന ഉദ്ദേശ്യവും പിന്നിലുണ്ട്.
അതേസമയം, പ്രതിരോധമേഖലയെ കൂടാതെയുള്ള മേഖലകളില്‍ ഭരണപക്ഷം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബജറ്റ് പ്രൊപ്പോസലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. രാജ്യത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ 10 ശതമാനത്തോളം ഇടിവ് സംഭവിച്ച് 73 ബില്യണിന്റെ കുറവുണ്ടായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇസ്രായേലുമായി ചേര്‍ന്ന് ഇറാനില്‍ യുഎസ് നടത്തുന്ന സംയുക്ത ആക്രമണം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കെയാണ് ബഡ്ജറ്റ് അവതരണം. യുദ്ധം അതിരൂക്ഷമായ ഘട്ടത്തിലെത്തിയതോടെ വാഷിങ്ടണിലും ഇതിനോടകം സാമ്പത്തികപ്രതിസന്ധികള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. യുദ്ധമാരംഭിച്ച് ഇതുവരെയും 40 ബില്യണ്‍ യുഎസ് ഡോളര്‍ രാജ്യത്തിന് ചിലവഴിക്കേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. സംഘര്‍ഷത്തിന്റെ ആദ്യ ആറ് ദിനങ്ങളില്‍ 11.3 ബില്യണോളം വരും. പ്രതിമാസം 1 ബില്യണ്‍ ഡോളര്‍ അഥവാ, ഇന്ത്യയില്‍ 9,000 കോടിയിലധികം വരും.