കോണ്‍ഗ്രസ് പട്ടികയിലെ ബേബി: ആരാണ് അരിത ബാബു?
27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു . 27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
അവര് പോറ്റുന്ന പശുവിന്റെ പാല്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുനിന്നു പിന്മാറിയിട്ടും ആയിരത്തോളം വോട്ടുകള്‍ അരിത ബാബു നേടിയിരുന്നു. പുന്നപ്ര ഡിവിഷനിലേക്കു നാമനിർദേശ പത്രിക നൽകിയെങ്കിലും പിൻവലിക്കാനുള്ള നിർദേശം കിട്ടിയപ്പോഴേക്ക് പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അങ്ങനെയാണ് സാങ്കേതികമായി മാത്രം സ്ഥാനാർഥിയായി അരിത ആയിരത്തോളം വോട്ടുകള്‍ നേടിയത്. 15 വർഷത്തോളമായി വിദ്യാർഥി–യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവമാണ് അരിത.
ജില്ലാ പഞ്ചായത്തംഗമായി കായംകുളത്തുനിന്നു വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടുമാണ്. ഓരോ സ്ഥലവും സുപരിചിതമാണെന്നതും അരിതക്ക് നേട്ടമാകും. അച്ഛൻ തുളസീധരൻ, സജീവ കോൺഗ്രസ് പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേർത്തത്. അച്ഛനൊപ്പം പരിപാടികൾക്കുപോയാണു തുടക്കം.
സ്കൂളിലും കോളജിലും കെഎസ്‌യു പ്രവർത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാർഥി സംഘടനാപ്രവർത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകർഷകയാകുന്നതും.