അന്തിമ പെയ്‌മെന്റ് നടത്താനുള്ള തീയതി പുറത്തുവിട്ട് ഒല

മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ബുക്ക് ചെയ്യുന്നവരുടെ വീടുകളിൽ വാഹനം നേരിട്ടെത്തിക്കുന്ന രീതിയാണ് ഓല തുടർന്നുപോകുന്നത്.

Update: 2022-01-15 10:32 GMT
Editor : abs | By : Web Desk
Advertising

ഒല ഇലക്ട്രിക് സ്‌കൂട്ടർ റിസർവ് ചെയ്യാൻ ഇതിനകം 20,000 രൂപ അടച്ച എല്ലാ ഉപഭോക്താക്കൾക്കും 2022 ജനുവരി 21-ന് വൈകുന്നേരം 6 മണിക്ക് അവസാന പേയ്‌മെന്റ് വിൻഡോ തുറക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. ജനുവരി 21 ന് അന്തിമ പെയ്‌മെന്റ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഈ മാസം അവസാനമോ, ഫെബ്രുവരിയിലോ സ്‌കൂട്ടർ ലഭ്യമായി തുടങ്ങുമെന്നും ഫാക്ടറിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചു ഒല കുറിച്ചു. അതേസമയം പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നതിനുള്ള തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓല ഇലക്ട്രിക് 2021 ജൂലൈയിൽ 499 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തുറന്നിരുന്നു, വെറും 24 മണിക്കൂറിനുള്ളിൽ 1 ലക്ഷം ഓർഡറുകൾ ലഭിക്കുകയും വാഹന വിപണിയെ തന്നെ ഞെട്ടിക്കുന്ന രീതിയിൽ മോഡലുകൾക്ക് സ്വീകാര്യത ലഭിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഏതാനും ചില പിഴവുകൾ മൂലം ഡെലിവറി നടത്താനുള്ള സമയക്രമം നിശ്ചയിച്ചിട്ടും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം വൈകുകയായിരുന്നു. ഡെലിവറിയിലെ കാലതാമസത്തിന് ഉപഭോക്താക്കളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന്, കഴിഞ്ഞ വർഷം ഡിസംബർ 16 ന് ഇ-സ്‌കൂട്ടർ ഡെലിവറി കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

പ്രാരംഭ പതിപ്പായ എസ്1ന് വിപണിയിൽ ഒരു ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോൾ, ഉയർന്ന വേരിയന്റായ എസ്1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകണം. എസ് 1ന് 90 കിലോമീറ്റർ വേഗതയും 121 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. എസ്1 പ്രോ മോഡലിന് 115 കിലോമീറ്റർ വേഗതയും 181 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

 ഡിലർഷിപ്പുകളിൽ എത്തി വാഹനം സ്വന്തമാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ബുക്ക് ചെയ്യുന്നവരുടെ വീടുകളിൽ വാഹനം നേരിട്ടെത്തിക്കുന്ന രീതിയാണ് ഓല തുടർന്നുപോകുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 500 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച കമ്പനിയുടെ പ്ലാന്റിലാണ് ഓല ഇലക്ട്രിക്കിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News