'ഇനി കാത്തിരിക്കേണ്ട..വാഹനം റെഡിയാണ്'; വിതരണത്തിന് തയ്യാറായി ഒല

ഡിസംബർ 15 മുതൽ എസ്1, എസ്1 പ്രോ മോഡലുകളുടെ വിതരണം ആരംഭിക്കും.

Update: 2021-12-06 12:45 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യൻ നിരത്തുകളിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്താൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഡിസംബർ 15 മുതൽ ഒലയുടെ എസ്1, എസ്1 പ്രോ മോഡലുകളുടെ വിതരണം ആരംഭിക്കും. ഒല സിഇഒ ഭവീഷ് അഗർവാൾ ട്വിറ്ററിൽ അറിയിച്ചു. വിതരണത്തിന് ഒരുങ്ങിയിരിക്കുന്ന വാഹനങ്ങളുടെ ചിത്രം ഉൾപ്പെടെയാണ് ട്വീറ്റ്.

'വാഹനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഉദ്പാദനവും വർധിച്ചിട്ടുണ്ട്. ഡിസംബർ 15 മുതൽ വാഹനങ്ങളുടെ വിതരണം ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. നിങ്ങൾ കാണിച്ച ക്ഷമയ്ക്ക് നന്ദി'. അഗർവാൾ കുറിച്ചു.

എസ് വൺ, എസ് വൺ പ്രോ എന്നീ വേരിയന്റുകളിലായി ഓഗസ്റ്റ് 15 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വണ്ണിന്റെ അടിസ്ഥാന വില 99,999 രൂപയും എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ച് 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ ലഭിച്ച് ഒല ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് വിൽപ്പനയിലും സമാനമായ റെക്കോർഡ് സൃഷ്ടിക്കാൻ ഒലയ്ക്കായി. രണ്ട് ദിവസത്തെ വിൽപ്പനയിലൂടെ 1100 കോടി രൂപയാണ് ഒല നേടിയത്.

8.5 കിലോവാട്ട് പവറും 58 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകളുടെയുെ എൻജിൻ. എസ് വണ്ണിൽ 2.98 kwh ബാറ്ററി പാക്കും എസ് വൺ പ്രോയിൽ 3.97 kwh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ് വൺ പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ് വൺ 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കും. ഫാസ്റ്റ് ചാർജർ വഴി 18 മിനിറ്റിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയും. ഫുൾ ചാർജ് ആവാൻ എസ് വൺ 4.48 മണിക്കൂറും എസ് വൺ പ്രോ 6.30 മണിക്കൂറുമെടുക്കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News