സംസ്ഥാനത്ത് പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഫെബ്രുവരി 14ന്
ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവർണർക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ആദിമാർഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശർമ്മ മലപ്പുറത്ത് പറഞ്ഞു
ദലിത് തന്ത്രിയായ ബിജു നാരായണ ശർമ്മയെന്ന മഹാ ചണ്ഡാള ബാബ ഹിന്ദുമതം ഉപേക്ഷിച്ച് പുതിയ മതമുണ്ടാക്കുന്നു. ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവർണർക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ആദിമാർഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശർമ്മ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50ഓളം കുടുംബങ്ങളെ ചേർത്ത് ഞായറാഴ്ച(ഫെബ്രുവരി 14ന്) വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധർമ രക്ഷാ ആശ്രമത്തിൽ പുതിയ ആശയത്തിന് തുടക്കമാകും.
2013ൽ കേരളത്തിലെ ആദ്യത്തെ ദലിത് വിഭാഗത്തിൽ നിന്നുമുളള തന്ത്രിവര്യനായി പ്രഖ്യാപിച്ചിരുന്നത് തന്നെയാണെന്നും ഇദ്ദേഹം അവകാശപ്പെട്ടു. പൂർവികർ പിൻപറ്റിയ ആചാര വിശ്വാസങ്ങൾക്കൊപ്പം കാലോചിതമായ ജീവിത നിയമങ്ങൾ കൂടി ചേർത്ത് നല്ല പഠിപ്പ് എന്ന വേദഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് അമൃത, വൈസ് പ്രസിഡന്റ് റിജുരാജ്, രൂപേഷ് എന്നിവരും സംബന്ധിച്ചു.